ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; വന്‍ സുരക്ഷാ വീഴ്ച്ച

ഒക്ടോബര് 5 ന് അനന്ത്നാഗില് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് നടന്ന ഗ്രനേഡ് സ്ഫോടനത്തില് 14 പേര്ക്ക് പരിക്കേറ്റിരുന്നു.
 | 
ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; വന്‍ സുരക്ഷാ വീഴ്ച്ച

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. ഏഴ് പേര്‍ക്ക് ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റതായിട്ടാണ് വിവരം. മൂന്ന് പ്രദേശവാസികളുടെ നില അതീവ ഗുരുതരമാണ്. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് അപ്രത്രീക്ഷിത ആക്രമണം ഉണ്ടായിരിക്കുന്നത്. നാളെ മുതല്‍ ജമ്മു കാശ്മീരിലെ പോസ്റ്റ് പെയിഡ് മൊബൈല്‍ ഉപഭോക്താക്കളുടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പിന്നാലെയുണ്ടായിരിക്കുന്ന ആക്രമണം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 5 ന് അനന്ത്‌നാഗില്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് പുറത്ത് നടന്ന ഗ്രനേഡ് സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് നടന്ന ആക്രമണത്തിന് സമാന സ്വഭാവത്തിലാണ് അനന്ത്‌നാഗ് ഗ്രനേഡ് ആക്രമണവും നടന്നത്. ശ്രീനഗറിലെ സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ സേന പരിസര പ്രദേശങ്ങളില്‍ തീവ്രവാദികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബൈക്കിലാണ് തീവ്രവാദികളെത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.

ജമ്മു കാശ്മീരില്‍ തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പഞ്ചാബ് വഴി ഇന്ത്യയിലേക്ക് തീവ്രവാദികള്‍ ആയുധം കടത്തുന്നത് തുടരുന്നതായിട്ടാണ് സൂചന. കഴിഞ്ഞ ആഴ്ച്ചയിലും അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു.