അമേരിക്കയിലേക്ക് മലേറിയ മരുന്ന് കയറ്റി അയക്കുന്നത് ഗുജറാത്തി കമ്പനികള്‍; നിര്‍മാണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി

കൊറോണ ചികിത്സക്കായി അമേരിക്കയിലേക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന് കയറ്റി അയക്കുന്നത് ഗുജറാത്തില് നിന്ന്.
 | 
അമേരിക്കയിലേക്ക് മലേറിയ മരുന്ന് കയറ്റി അയക്കുന്നത് ഗുജറാത്തി കമ്പനികള്‍; നിര്‍മാണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി

അഹമ്മദാബാദ്: കൊറോണ ചികിത്സക്കായി അമേരിക്കയിലേക്ക് മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റി അയക്കുന്നത് ഗുജറാത്തില്‍ നിന്ന്. ഗുജറാത്തിലെ മൂന്ന് കമ്പനികള്‍ ഇതിനായി മരുന്ന് നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി വിജയ് രൂപാനി ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു. നമ്മുടെ ഉപയോഗത്തിനായി ഒരു കോടി ഗുളികകള്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ടെന്നും രൂപാനി പറഞ്ഞു.

”ഗുജറാത്ത് ഇപ്പോള്‍ ലോകമൊട്ടാകെ തിളങ്ങുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് മലേറിയ മരുന്നിനായി ഇന്ത്യയോട് ആവശ്യമുന്നയിച്ചു. ഇപ്പോള്‍ ഈ മരുന്നിന്റെ കയറ്റുമതിക്ക് കേന്ദ്രം അനുമതി നല്‍കിയിരിക്കുകയാണ്. അമേരിക്കയിലേക്ക് മരുന്ന് അയക്കാന്‍ ഗുജറാത്ത് എല്ലാ വിധത്തിലും തയ്യാറായിരിക്കുകയാണ്. മൂന്ന് ഗുജറാത്ത് കമ്പനികള്‍ ഇതിനായി നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു” എന്നാണ് രൂപാനി പറഞ്ഞത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മരുന്നുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പിന്നീട് മരുന്നുകള്‍ നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അമേരിക്കയ്ക്ക് മരുന്നുകള്‍ കയറ്റി അയക്കുന്നതിനായി ഇന്ത്യ ഇളവുകള്‍ അനുവദിച്ച വാര്‍ത്ത പുറത്തു വന്നത്. അയല്‍രാജ്യങ്ങള്‍ക്കും ഗുരുതരമായി കൊറോണ ബാധിച്ച രാജ്യങ്ങള്‍ക്കും മരുന്നുകള്‍ നല്‍കുന്നതിനാണ് ഇളവുകള്‍ എന്ന് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും പിന്നാലെയെത്തി.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 26ന് ഇന്ത്യ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി നിരോധിച്ചിരുന്നു. ഈ നിരോധനത്തിനാണ് ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് ഇളവ് അനുവദിച്ചത്.