കണ്ണടച്ച് ജനിച്ചവരാണ് മാംസം ഭക്ഷിക്കുന്നത്; വിചിത്ര വാദവുമായി ഗുജറാത്ത് സ്പീക്കര്‍

കണ്ണുകള് അടച്ചുകൊണ്ട് ജനിച്ചവരാണ് മാംസം ഭക്ഷിക്കുന്നവരെന്ന വിചിത്ര വാദവുമായി ഗുജറാത്ത് സ്പീക്കര് രാജേന്ദ്ര ത്രിവേദി.
 | 
കണ്ണടച്ച് ജനിച്ചവരാണ് മാംസം ഭക്ഷിക്കുന്നത്; വിചിത്ര വാദവുമായി ഗുജറാത്ത് സ്പീക്കര്‍

അഹമ്മദാബാദ്: കണ്ണുകള്‍ അടച്ചുകൊണ്ട് ജനിച്ചവരാണ് മാംസം ഭക്ഷിക്കുന്നവരെന്ന വിചിത്ര വാദവുമായി ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. മാംസാഹാരം ഇന്ത്യന്‍ സംസ്‌കാരമല്ലെന്ന് പറഞ്ഞ സ്പീക്കര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് മാംസം കഴിക്കില്ലെന്ന പ്രതിജ്ഞയും എടുപ്പിച്ചു. അഹമ്മദാബാദിലെ ശ്രീനാരായണ കള്‍ച്ചര്‍ മിഷന്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് സംഭവം.

പട്ടിക്കുട്ടികളും പൂച്ചക്കുട്ടികളും കടുവ, പുലി എന്നിവയുടെ കുട്ടികളും ജനിക്കുന്നത് അടഞ്ഞ കണ്ണുകളോടെയാണ്. എന്നാല്‍ മനുഷ്യക്കുട്ടികള്‍ ജനിക്കുന്നത് കണ്ണുകള്‍ തുറന്നാണെന്നും അതുകൊണ്ടുതന്നെ മാംസാഹാരം കഴിക്കരുതെന്നാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്നതെന്നും ത്രിവേദി പറഞ്ഞു. നാം ഒരിക്കലും മാംസാഹാരികളാവരുത് എന്നാണ് ഇന്ത്യന്‍ സംസ്‌കാരം പറയുന്നതെന്നും ഇത് ഋഷിവര്യന്‍മാര്‍ പറഞ്ഞിട്ടുണ്ടെന്നും ത്രിവേദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ അംബേദ്കര്‍ ഏല്‍പ്പിച്ചത് ബ്രാഹ്മണനെയാണെന്ന് കഴിഞ്ഞ ദിവസം ത്രിവേദി പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് നൊബേല്‍ ലഭിച്ചവരില്‍ ഭൂരിപക്ഷവും ബ്രാഹ്മണരാണെന്നും ത്രിവേദി പറഞ്ഞിരുന്നു.