ഹാഥ്‌റസ്; ഫോറന്‍സിക് പരിശോധനയ്ക്ക് സാമ്പിള്‍ എടുത്തത് 11 ദിവസത്തിന് ശേഷം, റിപ്പോര്‍ട്ട് തള്ളി ഡോക്ടര്‍

ഹാഥ്റസ് ബലാല്സംഗക്കൊലയില് പോലീസിന്റെ അവകാശവാദം പൊളിച്ച് പെണ്കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ചീഫ് മെഡിക്കല് ഓഫീസര്.
 | 
ഹാഥ്‌റസ്; ഫോറന്‍സിക് പരിശോധനയ്ക്ക് സാമ്പിള്‍ എടുത്തത് 11 ദിവസത്തിന് ശേഷം, റിപ്പോര്‍ട്ട് തള്ളി ഡോക്ടര്‍

ന്യൂഡല്‍ഹി: ഹാഥ്‌റസ് ബലാല്‍സംഗക്കൊലയില്‍ പോലീസിന്റെ അവകാശവാദം പൊളിച്ച് പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍. ഫോറന്‍സിക് പരിശോധനയ്ക്ക് സാമ്പിള്‍ എടുത്തത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷമാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് സിഎംഒ ഡോ. അസീം മാലിക് പറഞ്ഞുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യം നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ ഈ പരിശോധനയില്‍ സാധിക്കില്ല. കൃത്യം നടന്ന് 96 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയാല്‍ മാത്രമേ തെളിവുകള്‍ കണ്ടെത്താനാവൂ. ഈ സമയത്തിനുള്ളില്‍ സാമ്പിള്‍ ശേഖരിക്കണമെന്നാണ് സര്‍ക്കാര്‍ മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി.

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഈ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. 11 ദിവസത്തിന് ശേഷം നടത്തിയ ഫോറന്‍സിക് പരിശോധനയുടെ ഫലം ഉദ്ധരിച്ചാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ് അവകാശപ്പെട്ടത്. പുരുഷബീജത്തിന്റെ അംശം കണ്ടെത്താന്‍ പരിശോധനയില്‍ സാധിച്ചില്ലെന്നായിരുന്നു എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞത്. സെപ്റ്റംബര്‍ 14നാണ് ഠാക്കൂര്‍ സമുദായക്കാരായ നാലു പേര്‍ ചേര്‍ന്ന് 19കാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്.

കഴുത്തില്‍ ഒടിവുകളും നാവറുക്കപ്പെട്ട നിലയിലുമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സെപ്റ്റംബര്‍ 22ന് ബോധം വീണ്ടെടുത്തപ്പോള്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി പറഞ്ഞിരുന്നു. ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ബലാല്‍സംഗത്തെക്കുറിച്ച് പരാമര്‍ശം ഇല്ലാതിരുന്നതില്‍ ദുരൂഹത സംശയിക്കപ്പെട്ടിരുന്നു.