ഗര്‍ഭിണികള്‍ എന്തു വേഷം ധരിക്കണം, എന്തൊക്കെ കഴിക്കണം; ഡിപ്ലോമ കോഴ്‌സ് ആരംഭിച്ച് ലഖ്‌നൗ യൂണിവേഴ്‌സിറ്റി

ഗര്ഭകാലത്ത് സ്ത്രീകള് എന്ത് ധരിക്കണമെന്നും എന്തക്കെ ആഹാരം കഴിക്കണമെന്നുമൊക്കെ പഠിപ്പിക്കുന്ന കോഴ്സ് ആരംഭിച്ച് ഉത്തര്പ്രദേശിലെ ലഖ്നൗ യൂണിവേഴ്സിറ്റി.
 | 
ഗര്‍ഭിണികള്‍ എന്തു വേഷം ധരിക്കണം, എന്തൊക്കെ കഴിക്കണം; ഡിപ്ലോമ കോഴ്‌സ് ആരംഭിച്ച് ലഖ്‌നൗ യൂണിവേഴ്‌സിറ്റി

ലഖ്‌നൗ: ഗര്‍ഭകാലത്ത് സ്ത്രീകള്‍ എന്ത് ധരിക്കണമെന്നും എന്തക്കെ ആഹാരം കഴിക്കണമെന്നുമൊക്കെ പഠിപ്പിക്കുന്ന കോഴ്‌സ് ആരംഭിച്ച് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ യൂണിവേഴ്‌സിറ്റി. ഗര്‍ഭ് സംസ്‌കാര്‍ എന്ന പേരിലാണ് യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. അടുത്ത അക്കാഡമിക് വര്‍ഷം മുതല്‍ കോഴ്‌സ് ആരംഭിക്കും.

പുതിയ കോഴ്‌സില്‍ മാതൃത്വത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് പുറമേ, ഗര്‍ഭിണികള്‍ എങ്ങനെ പെരുമാറണമെന്നും ഏതു തരം സംഗീതമാണ് ഗര്‍ഭിണികള്‍ക്ക് യോജിച്ചതെന്നും ആരോഗ്യം നിലനിര്‍ത്തുന്നത് എങ്ങനെയെന്നുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും കോഴ്‌സില്‍ ചേരാമെന്നാണ് യൂണിവേഴ്‌സിറ്റി അറിയിക്കുന്നത്.

പുതിയ തൊഴിലവസരങ്ങള്‍ തുറക്കുന്ന കോഴ്‌സാണ് ഇതെന്നും യൂണിവേഴ്‌സിറ്റി അവകാശപ്പെടുന്നു. പെണ്‍കുട്ടിള്‍ക്ക് അമ്മമാരെന്ന നിലയില്‍ അവരുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ ഒരു കോഴ്‌സ് വേണമെന്ന ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ നിര്‍ദേശം അനുസരിച്ചാണ് ഈ കോഴ്‌സ് തുടങ്ങുന്നതെന്നും യൂണിവേഴ്‌സിറ്റി വക്താവ് ദുര്‍ഗേഷ് ശ്രീവാസ്തവ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാനച്ചടങ്ങില്‍ വെച്ചാണ് ആനന്ദിബെന്‍ പട്ടേല്‍ ഈ ആവശ്യം ഉന്നയിച്ചത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നു കൊണ്ടാണ് മഹാഭാരതത്തിലെ അഭിമന്യു യുദ്ധതന്ത്രം പഠിച്ചതെന്നും ഇത്തരത്തിലുള്ള കോഴ്‌സ് ഒരു ജര്‍മന്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.