ഹുദ്ഹുദ് ചുഴലിക്കാറ്റ്: ഒഡീഷയിലും ആന്ധ്രയിലും ജാഗ്രതാ നിർദേശം

ഹുദ്ഹുദ് ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷയിലും ആന്ധ്രപ്രദേശിലും ജാഗ്രതാ നിർദേശം. ബംഗാൾ ഉൾക്കടലിനുമേൽ രൂപപ്പെട്ട ചുഴലിക്കാറ്റ് രണ്ടു സംസ്ഥാനങ്ങളിലും ആഞ്ഞുവീശുമെന്നും കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.
 | 
ഹുദ്ഹുദ് ചുഴലിക്കാറ്റ്: ഒഡീഷയിലും ആന്ധ്രയിലും ജാഗ്രതാ നിർദേശം

ഭുവനേശ്വർ/ഹൈദരാബാദ്: ഹുദ്ഹുദ് ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷയിലും ആന്ധ്രപ്രദേശിലും ജാഗ്രതാ നിർദേശം. ബംഗാൾ ഉൾക്കടലിനുമേൽ രൂപപ്പെട്ട ചുഴലിക്കാറ്റ് രണ്ടു സംസ്ഥാനങ്ങളിലും ആഞ്ഞുവീശുമെന്നും കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. മഴക്കൊപ്പം മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിൽ തീരത്തോടടുക്കുന്ന കൊടുങ്കാറ്റ് ഒഡീഷ, ആന്ധ്ര തീരങ്ങളിലായിരിക്കും കൂടുതൽ നാശം വിതക്കുക എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. കേരള, തമിഴ്‌നാട് തീരങ്ങളിൽ ആശങ്ക വേണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മുന്നറിയിപ്പിനെ തുടർന്ന് തീരദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള 38 ട്രെയിൻ സർവ്വീസുകൾ റെയിൽവ്വേ റദ്ദാക്കുകയും ചെയ്തു. തീരപ്രേദേശങ്ങളിൽ രണ്ട് മീറ്റർ ഉയരത്തിൽ തിരമാല ആഞ്ഞടിക്കുമെന്നും, 200 മീറ്റർ വരെ കര കടലെടുക്കാൻ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു. ചുഴലിക്കാറ്റിനെ നേരിടാൻ സ്വീകരിച്ച നടപടികളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് ആന്ധ്ര, ഒഡീഷ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. കേന്ദ്രത്തിന്റെ എല്ലാ സഹായവും അദ്ദേഹം ഉറപ്പു നൽകി. സഹായങ്ങൾ നൽകാൻ നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയും സജ്ജമാണ്.

ജനങ്ങളെ ദുരന്തസാധ്യത കുറഞ്ഞ മേഖലകളിലേയ്ക്ക് മാറ്റി പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആന്ധ്ര
ഉപമുഖ്യമന്ത്രി കെ.ഇ.കൃഷ്ണ മൂർത്തി അറിയിച്ചു.