Monday , 16 September 2019
News Updates

അഭിനന്ദന്‍ വര്‍ത്തമാന്‍ കോക്പിറ്റിലേക്ക് തിരിച്ചെത്തി; വീണ്ടും മിഗ്-21 പറത്തി

ന്യൂഡല്‍ഹി: ആറ് മാസത്തെ ചികിത്സകള്‍ക്കും കൗണ്‍സിലിംഗിനും ശേഷം അഭിനന്ദന്‍ വര്‍ത്തമാന്‍ കോക്പിറ്റില്‍ തിരിച്ചെത്തി. മിഗ്-21 പോര്‍വിമാനം പറത്തിയാണ് തിരിച്ചുവരവ്. രാജസ്ഥാനില്‍ വ്യോമസേനയുടെ ബേസിലായിരുന്നു രാജ്യം വീര്‍ ചക്ര ബഹുമതി നല്‍കി ആദരിച്ച അഭിനന്ദന്റെ രണ്ടാം വരവ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പാകിസ്ഥാന്‍ അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാന്‍ അഭിനന്ദനെ രാജ്യത്തിന് കൈമാറിയിരുന്നു.

ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ കേന്ദ്രം ആക്രമിച്ചിരുന്നു. പിന്നാലെ അതിര്‍ത്തി കടന്ന് പാക് പോര്‍വിമാനം എഫ്-16 ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ശ്രമം നടത്തി. പാക് വിമാനങ്ങളെ തുരത്താന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു അഭിനന്ദന്‍. അദ്ദേഹം പറത്തിയ മിഗ്-21 പാകിസ്ഥാന്റെ എഫ്-16നെ തകര്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ അദ്ദേഹം പറത്തിയിരുന്നു മിഗിനും കേടുപാടുകള്‍ സംഭവിച്ചു.

തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് രക്ഷപ്പെട്ട അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായി. പിന്നീട് ഇദ്ദേഹത്തെ ഇന്ത്യക്ക് തന്നെ കൈമാറുകയും ചെയ്തു. നീണ്ട ആറ് മാസം അഭിനന്ദന്‍ ചികിത്സയിലായിരുന്നു. ബംഗളുരുവിലെ ഐഎഎഫ് എയ്‌റോസ്പേസ് മെഡിസിന്‍ വിഭാഗം വിമാനം പറത്തുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതോടെയാണ് അഭിനന്ദന്‍ കോക്പിറ്റിലേക്ക് തിരികെയെത്തിയത്.

DONT MISS