
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം തിരികെ നല്‍കുമെന്ന് മുന്‍ ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ്. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമര വേദിയില്‍ സംസാരിക്കവെയാണ് താരത്തിന്റെ പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കായിക പുരസ്കാരമാണ് ഖേല്‍ രത്ന.
2008 ബെയ്ജിംഗ് ഒളിമ്പിംക്സില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ സ്വന്തമാക്കിയ ബോക്സറാണ് വിജേന്ദര്‍. 2010 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും 2006ല്‍ വെങ്കലവും നേടിയിട്ടുണ്ട്. കൂടൊ 2009ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലും വിവിധ കോമണ്‍വെല്‍ത്ത് ഗെയിംസുകളിലായി രണ്ട് വെള്ളിയും ഒരു വെങ്കലും വിജേന്ദര്‍ രാജ്യത്തിന് സമ്മാനിച്ചിട്ടുണ്ട്. താരത്തിന്റെ പ്രഖ്യാപനം വലിയ ആരവങ്ങളോടെയാണ് കര്‍ഷകര്‍ വരവേറ്റത്.
അതേസമയം കര്‍ഷകര്‍ക്ക് പിന്തുണ വര്‍ദ്ധിച്ചു വരുന്നത് കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അന്താരാഷ്ട്ര തലത്തില്‍ കാനഡയുള്‍പ്പെടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.