ഗാന്ധിജിയെ പാകിസ്ഥാന്‍ രാഷ്ട്രപിതാവെന്ന് വിളിച്ച ബിജെപി നേതാവ് ഐഐഎംസി പ്രൊഫസര്‍ സ്ഥാനത്ത്

ഗാന്ധിജിയെ പാകിസ്ഥാന് രാഷ്ട്രപിതാവെന്ന് വിളിച്ച മുന് ബിജെപി നേതാവിനെ ഇന്ത്യന് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില് പ്രൊഫസറായി നിയമിച്ചു
 | 
ഗാന്ധിജിയെ പാകിസ്ഥാന്‍ രാഷ്ട്രപിതാവെന്ന് വിളിച്ച ബിജെപി നേതാവ് ഐഐഎംസി പ്രൊഫസര്‍ സ്ഥാനത്ത്

ന്യൂഡല്‍ഹി: ഗാന്ധിജിയെ പാകിസ്ഥാന്‍ രാഷ്ട്രപിതാവെന്ന് വിളിച്ച മുന്‍ ബിജെപി നേതാവിനെ ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ പ്രൊഫസറായി നിയമിച്ചു. മധ്യപ്രദേശില്‍ ബിജെപിയുടെ മുന്‍ മീഡിയ സെല്‍ തലവനായ അനില്‍ കുമാര്‍ സൗമിത്രയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഗാന്ധിജിക്കെതിരായ പരാമര്‍ശത്തില്‍ നേരത്തേ സൗമിത്രയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2019ല്‍ ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഇയാള്‍ രാഷ്ട്രപിതാവിനെതിരെ രംഗത്തെത്തിയത്. ‘ഗാന്ധിജി രാഷ്ട്രപിതാവാണ്, പക്ഷേ അത് പാകിസ്ഥാന്റേതാണെന്ന് മാത്രം. രാജ്യത്തിന് അദ്ദേഹത്തെപ്പോലെ കോടിക്കണക്കിന് പുത്രന്‍മാരുണ്ട്. അതില്‍ ചിലര്‍ ശ്രേഷ്ഠന്‍മാരായിരിക്കും. അല്ലാത്തവരുമുണ്ട്’ എന്നാണ് സൗമിത്ര് പോസ്റ്റില്‍ പറഞ്ഞത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉണ്ടായതോടെയായിരുന്നു ബിജെപി ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

60ഓളം പേരില്‍ നിന്നാണ് ഇയാളെ പ്രൊഫസറാക്കി നിയമിച്ചിരിക്കുന്നത്. 26-ാം തിയതി സൗമിത്ര ജോലിയില്‍ പ്രവേശിച്ചു. ഇതേക്കുറിച്ച് സൗമിത്ര പ്രതികരിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഐഎംസിയും പ്രതികരണം അറിയിച്ചിട്ടില്ല.