തബ്രിസ് അന്‍സാരി മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ആള്‍ക്കൂട്ടക്കൊലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസ്

ആള്ക്കൂട്ട മര്ദ്ദനത്തില് കൊല്ലപ്പെട്ട തബ്രിസ് അന്സാരിയുടെ മരണത്തിന് കാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
 | 
തബ്രിസ് അന്‍സാരി മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ആള്‍ക്കൂട്ടക്കൊലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസ്

റാഞ്ചി: ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട തബ്രിസ് അന്‍സാരിയുടെ മരണത്തിന് കാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജൂണ്‍ 18നാണ് ഝാര്‍ഖണ്ഡില്‍ മര്‍ദ്ദനമേറ്റ് തബ്രിസ് അന്‍സാരി കൊല്ലപ്പെട്ടത്.

മറ്റ് രണ്ട് പേര്‍ക്കൊപ്പം ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് തബ്രിസ് അന്‍സാരിയെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ജയ് ശ്രീറാം എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനം പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ 24 കാരനായ അന്‍സാരി നാല് ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. മര്‍ദ്ദനമേറ്റ ഇയാളെ പോലീസ് സ്‌റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കൊലപാതകം നടന്നുവെന്ന് തെളിയിക്കുന്ന യാതൊരു വിവരവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് അറിയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ വിിദഗ്ദ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും കേസ് നിലനില്‍ക്കുന്ന ഒന്നും റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നുവെന്നുമാണ് ഝാര്‍ഖണ്ഡിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ കാര്‍ത്തിക് എസ്. പറഞ്ഞത്.