കള്ളൻമാരെ പേടിയില്ല; ബാങ്കുകൾക്ക് പോലും കതകുകളില്ലാത്ത ഗ്രാമം

സമ്പാദിക്കുന്ന പണം ഭദ്രമായി സൂക്ഷിക്കാൻ വീണ്ടും കാശ് മുടക്കുന്നവരാണ് നമ്മൾ. എന്നാൽ മഹാരാഷ്ട്രയിലെ ശനി ശിഖ്നപൂർ എന്ന ഗ്രാമം മുഴുവൻ കതകുകളുപേക്ഷിച്ചാണ് ജീവിക്കുന്നത്. ആ ഗ്രാമത്തിലെ 90 ശതമാനം വീടുകൾക്കും വാതിലുകളില്ല. തങ്ങളുടെ സമ്പാദ്യമെല്ലാം കിടപ്പുമുറിയിലെ പെട്ടിയിൽ വച്ചു സമാധാനത്തോടെ കിടന്നുറങ്ങും ഈ നാട്ടുകാർ.
 | 

കള്ളൻമാരെ പേടിയില്ല; ബാങ്കുകൾക്ക് പോലും കതകുകളില്ലാത്ത ഗ്രാമം

മുംബൈ: സമ്പാദിക്കുന്ന പണം ഭദ്രമായി സൂക്ഷിക്കാൻ വീണ്ടും കാശ് മുടക്കുന്നവരാണ് നമ്മൾ. എന്നാൽ മഹാരാഷ്ട്രയിലെ ശനി ശിഖ്‌നപൂർ എന്ന ഗ്രാമം മുഴുവൻ കതകുകളുപേക്ഷിച്ചാണ് ജീവിക്കുന്നത്. ആ ഗ്രാമത്തിലെ 90 ശതമാനം വീടുകൾക്കും വാതിലുകളില്ല. തങ്ങളുടെ സമ്പാദ്യമെല്ലാം കിടപ്പുമുറിയിലെ പെട്ടിയിൽ വച്ചു സമാധാനത്തോടെ കിടന്നുറങ്ങും ഈ നാട്ടുകാർ.

കള്ളന്മാരെ പേടിയ്ക്കാതെ വാതിലുകളില്ലാതെ ഒരു ഗ്രാമം കഴിയുന്നതിന്റെ പിന്നിൽ വിശ്വാസത്തിന്റെ കഥയുണ്ട്. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ശനിദേവൻ അന്നാട്ടിലെ വിശ്വാസികളുടെ സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകളുടെ ആവശ്യമില്ലെന്നും സമ്പാദ്യങ്ങളെല്ലാം താൻ സംരക്ഷിച്ചുകൊള്ളാമെന്നും വാക്കുകൊടുത്തുവെന്നാണ് ഐതീഹ്യം.

മൂന്നൂറു വർഷങ്ങൾക്ക് മുമ്പ് ഒരു വെള്ളപ്പൊക്കത്തിൽ നദിയിലൂടെ ഇരുമ്പും കല്ലും ചേർന്ന ഒരു വസ്തു ഒഴുകി നടന്നു. കന്നുകാലികളുടെ കൊമ്പുകൾകൊണ്ട് അതിൽ നിന്നു രക്തം ഇറ്റു വീണിരുന്നു. അത് ശനി ദേവന്റെ വിഗ്രഹമാണെന്ന് അന്നു രാത്രി സ്വപ്‌നത്തിൽ ദർശനമുണ്ടായ ഗ്രാമവാസികൾ അതിനെ ശനി വിഗ്രഹമായി പ്രതിഷ്ഠിച്ചു. വാതിലില്ലാത്ത തുറന്ന ക്ഷേത്രത്തിൽ ധാരാളം വിശ്വാസികൾ വരാറുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഗ്രഹങ്ങളിൽ ഒന്നായ ശനി ദേവന്റെ ശക്തിയെ മൂടിവയ്ക്കാനോ തടഞ്ഞു വയ്ക്കാനോ കഴിയില്ലെന്ന വിശ്വാസമാണ് വാതിലുകൾ ഇല്ലാത്ത വീടുകൾ ഉണ്ടാക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിച്ചത്. എന്നാൽ ചില ഗ്രാമിണർ രാത്രികാലങ്ങളിൽ മാത്രം വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് രക്ഷപെടാൻ കട്ടിളയിൽ പലകകൾ വച്ചു ചാരാറുണ്ട്.

യൂക്കോ ബാങ്കിന്റെ ശിഖ്‌നപൂർ ബ്രാഞ്ചിന് പൂട്ടുകളില്ല എന്നതാണ് മറ്റൊരു കൗതുകം. ബാങ്കിന്റെ മുൻ ഭാഗത്തായി ചില്ലിട്ട മുറിയിലാണ് പണം സൂക്ഷിച്ചിരിക്കുന്നത്. ഈ മുറിയ്ക്കും പൂട്ടുകളില്ല. അലഞ്ഞു തിരിയുന്ന തെരുവു നായകളെ തടുക്കാൻ മാത്രമാണ് സ്‌ട്രോങ് റൂം ഇത്തരത്തിലാക്കിയത്. ഈ സുതാര്യത കൊണ്ട് തങ്ങൾക്ക് ഇതുവരെ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് ബാങ്ക് മാനേജർ പറഞ്ഞു.

2010ൽ അതുവഴി സഞ്ചരിച്ച ഒരു യാത്രക്കാരന്റെ 35,000 രൂപ വാഹനത്തിൽ നിന്ന് ആരോ മോഷ്ടിച്ചതു മാത്രമാണ് ശിഖ്‌നപൂരിന്റെ സൽപ്പേരിന് കളങ്കമായ ഏക സംഭവം. ഇതേ തുടർന്ന് കള്ളന്മാർ, പിടിച്ചുപറിക്കാർ, മാംസാഹാരികൾ, എന്നിവർ ഈ ഗ്രാമത്തിലേക്ക് വരരുതെന്നും വന്നാൽ മാന്യരെ പോലെ പെരുമാറണമെന്നും ശനി ദേവന്റെ ക്ഷേത്രത്തിൽ നിന്ന് ലഖുലേഖകൾ ഇറക്കിയിരുന്നു. അതിനു ശേഷം അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഗ്രാമീണർ പറയുന്നു.