യുപി കൂട്ടബലാല്‍സംഗം; കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ബലമായി സംസ്‌കരിച്ചു

ഉത്തര്പ്രദേശില് കൂട്ടബലാല്സംഗത്തിന് ഇരയായ ദളിത് യുവതിയുടെ മൃതദേഹം പോലീസ് ബലമായി സംസ്കരിച്ചു.
 | 
യുപി കൂട്ടബലാല്‍സംഗം; കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ബലമായി സംസ്‌കരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ ദളിത് യുവതിയുടെ മൃതദേഹം പോലീസ് ബലമായി സംസ്‌കരിച്ചു. പുലര്‍ച്ചെ 2.30ന് പോലീസ് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ബന്ധുക്കളെ അടുപ്പിക്കാതെയായിരുന്നു പോലീസിന്റെ നടപടി. തങ്ങളെ വീടുകളില്‍ പോലീസ് തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്നാണ് പരാതി.

കൂട്ടബലാല്‍സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും നാവ് മുറിക്കുകയും ചെയ്തതിനാല്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവതി ഇന്നലെയാണ് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ ആശുപത്രിക്ക് പുറത്ത് വന്‍ പ്രതിഷേധം ഉയരുന്നതിനിടെ യുപി പോലീസ് മൃതദേഹം തിടുക്കത്തില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍മാര്‍ പറഞ്ഞു.

അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ മൃതദേഹം പോലീസ് കത്തിക്കുകയായിരുന്നുവെന്ന് പിതാവും വ്യക്തമാക്കി. മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ ബന്ധുക്കളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും പോലീസ് തടസങ്ങള്‍ മാറ്റി മുന്നോട്ടു പോവുകയായിരുന്നു.

ഹത്രാസ് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ രജപുത്ര വിഭാഗത്തിലുള്ള നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ബജ്റ പാടത്ത് പുല്ല് ചെത്തുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുള്ളവരില്‍ നിന്ന് അല്‍പം അകലെയായി പുല്ല് ചെത്തിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ ദുപ്പട്ട കഴുത്തില്‍ കുരുക്കി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ അമ്മയും സഹോദരനും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ആദ്യഘട്ടത്തില്‍ പോലീസ് തങ്ങളെ സഹായിച്ചില്ലെന്ന് സഹോദരന്‍ പറഞ്ഞു. സഹോദരിയുടെ കഴുത്തില്‍ മൂന്ന് പൊട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിരുന്നു. സന്ദീപ്, രാമു, ലവകുശ്, രവി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ബലാല്‍സംഗത്തിനും വധശ്രമത്തിനുമാണ് കേസെടുത്തത്. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.