ദാരിദ്ര്യം ആത്മഹത്യയെ തടയുമോ? കേരളത്തിൽ ഒരു ലക്ഷത്തിൽ 25.63 പേർ മരിക്കുന്നു, ബിഹാറിൽ 0.97

ദാരിദ്ര്യത്തിനും ജീവിത സാഹചര്യങ്ങളുടെ അഭാവത്തിനും കുപ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനങ്ങൾ മാനസികാരോഗ്യത്തിൽ മുന്നിൽ നിൽക്കുന്നു എന്ന് വേണം കരുതാൻ. രാജ്യത്തെ ആത്മഹത്യകളുടെ കണക്ക് പരിശോധിക്കുന്ന ഒരാൾക്ക് ഇങ്ങനെ സംശയം തോന്നിയേക്കാം. വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും ലോകത്തിന് തന്നെ മാതൃകയായ കേരളം ആത്മഹത്യകളുടെ കാര്യത്തിൽ ഇന്ത്യക്ക് നാണക്കേടാണ് സൃഷ്ടിക്കുന്നത്.
 | 

ദാരിദ്ര്യം ആത്മഹത്യയെ തടയുമോ? കേരളത്തിൽ ഒരു ലക്ഷത്തിൽ 25.63 പേർ മരിക്കുന്നു, ബിഹാറിൽ 0.97
ന്യൂഡൽഹി: ദാരിദ്ര്യത്തിനും ജീവിത സാഹചര്യങ്ങളുടെ അഭാവത്തിനും കുപ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനങ്ങൾ മാനസികാരോഗ്യത്തിൽ മുന്നിൽ നിൽക്കുന്നു എന്ന് വേണം കരുതാൻ. രാജ്യത്തെ ആത്മഹത്യകളുടെ കണക്ക് പരിശോധിക്കുന്ന ഒരാൾക്ക് ഇങ്ങനെ സംശയം തോന്നിയേക്കാം. വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും ലോകത്തിന് തന്നെ മാതൃകയായ കേരളം ആത്മഹത്യകളുടെ കാര്യത്തിൽ ഇന്ത്യക്ക് നാണക്കേടാണ് സൃഷ്ടിക്കുന്നത്.

ലോകരാജ്യങ്ങളിൽ ഏതിനേക്കാളും മോശമായ ആത്മഹത്യാ നിരക്കാണ് കേരളത്തിന്റേത്. ഒരു ലക്ഷം ആളുകളിൽ 25.63 പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പറയുന്നത്. കടുത്ത ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും കളിയാടുന്ന ബിഹാറാണ് ഇന്ത്യയിൽ ആത്മഹത്യകൾ കുറഞ്ഞ സംസ്ഥാനം. 0.97 ആണ് ബിഹാറിലെ നിരക്ക്. ലോക രാജ്യങ്ങളിൽ ഒന്നുമില്ലാത്ത തുച്ഛമായ നിരക്കാണിത്.

നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ദേശീയ ശരാശരി 10.7 ആണ്. എന്നാൽ ലോകാരോഗ്യ സംഘടന വ്യത്യസ്തമായ കണക്കാണ് പറയുന്നത്. 20.9 ആണ് ഇന്ത്യൻ ശരാശരി എന്ന് ഇവരുടെ പുതിയ റിപ്പോർട്ട് പറയുന്നു. അമേരിക്കയിൽ 13.7, യു.കെയിൽ 6.9 എന്നിങ്ങനെയാണ് ഡബ്ല്യു.എച്ച്.ഒ. പറയുന്ന നിരക്ക്.

തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്. തമിഴ്‌നാട്ടിൽ ഒരു ലക്ഷം പേരിൽ 22.33 പേർ ശരാശരി സ്വയം ജീവനൊടുക്കുന്നു. അവിഭക്ത ആന്ധ്രയിൽ 16.89 പേരും, കർണാടകയിൽ 17.91 പേരുമാണ് ഈ ഗണത്തിൽ പെടുന്നത്. ചെറിയ സംസ്ഥാനമായ ഗോവയിൽ 22.12, തലസ്ഥാനമായ ഡൽഹിയിൽ 11.79, വടക്കു കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ 25.43 എന്നിങ്ങനെയാണ് നിരക്ക്. ദരിദ്ര സംസ്ഥാനമായ ഉത്തർപ്രദേശിലാകട്ടെ വെറും 2.55 പേർ മാത്രമാണ് ആത്മഹത്യയുെട വഴിയിലേക്ക് പോകുന്നത്.

ലോകത്തെമ്പാടുമായി എട്ട് ലക്ഷത്തോളം പേരാണ് പ്രതിവർഷം ആത്മഹത്യ ചെയ്യുന്നത്. ഇതിലധികം പേർ ആത്മഹത്യാ ശ്രമം നടത്തുന്നു. 15 മുതൽ 29 വരെ പ്രായമുള്ളവരുടെ ഗണത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ മരണ കാരണമാണ് ആത്മഹത്യ. ആകെ ആത്മഹത്യയുടെ 75 ശതമാനവും വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ മാർഗങ്ങളായ തൂങ്ങിമരിക്കലും കീടനാശിനി കഴിക്കലുമാണ് ഭൂരിപക്ഷവും ആശ്രയിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.