42 വർഷത്തെ നിരോധനം മാറ്റുന്നു; കൽക്കരി മേഖലയിൽ ഇനി വിദേശ കുത്തകകളും

ഇന്ത്യൻ കൽക്കരി ഖനന മേഖലയിൽ വിദേശ കമ്പനികളെ അനുവദിക്കാൻ നരേന്ദ്ര മോഡി സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവാദമായ 74 കൽക്കരിപ്പാടങ്ങളുടെ പുനർലേലത്തിൽ വിദേശ കുത്തക കമ്പനികളേയും പങ്കെടുപ്പിക്കാൻ നീക്കം നടക്കുന്നതായി റോയിട്ടേഴ്സ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
 | 
42 വർഷത്തെ നിരോധനം മാറ്റുന്നു; കൽക്കരി മേഖലയിൽ ഇനി വിദേശ കുത്തകകളും

ന്യൂഡൽഹി: ഇന്ത്യൻ കൽക്കരി ഖനന മേഖലയിൽ വിദേശ കമ്പനികളെ അനുവദിക്കാൻ നരേന്ദ്ര മോഡി സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവാദമായ 74 കൽക്കരിപ്പാടങ്ങളുടെ പുനർലേലത്തിൽ വിദേശ കുത്തക കമ്പനികളേയും പങ്കെടുപ്പിക്കാൻ നീക്കം നടക്കുന്നതായി റോയിട്ടേഴ്‌സ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച് കുറച്ചുകാലത്തേക്ക് മാത്രമുണ്ടായിരുന്ന വിദേശകമ്പനികളുടെ സാന്നിധ്യമാണ് ഈ മേഖലയിൽ തിരിച്ചുവരുന്നത്. ഇന്ത്യയിൽ കൽക്കരി ഖനനം നടത്തുന്നതിന് 42 വർമായി വിദേശ കമ്പനികളെ അനുവദിച്ചിരുന്നില്ല. ലോകത്തെ അഞ്ചാമത്തെ കൽക്കരി നിക്ഷേപ മേഖലയാണ് പുതിയ തീരുമാനത്തോടെ വിദേശ കമ്പനികൾക്കായി തുറക്കപ്പെടുന്നത്.

രണ്ടു തരം കൽക്കരി ഖനന ലൈസൻസുകളായിരുന്നു ഇതുവരെ ഇന്ത്യയിൽ നൽകിയിരുന്നത്. രാജ്യത്തെ കമ്പനികൾക്കാവശ്യമായ കൽക്കരി സ്വയം ഖനനം ചെയ്‌തെടുക്കാനുള്ള ലൈസൻസാണ് ഇതിൽ ഒന്ന്. ഊർജ മേഖലയിലും സിമന്റ്, ഉരുക്ക് നിർമ്മാണ മേഖലയിലുമുള്ള കമ്പനികളുടെ പ്രവർത്തനത്തിനാണ് കൽക്കരി ആവശ്യമായി വരുന്നത്. ഈ ലൈസൻസ് ഉപയോഗിക്കുന്നവർക്ക് കൽക്കരി പുറത്ത് വിൽക്കാൻ അനുവാദമില്ല.

വാണിജ്യാവശ്യത്തിനുള്ള കൽക്കരി ഖനനം ചെയ്യുന്നതിനുള്ള അനുമതിയാണ് രണ്ടാമത്തെ വിഭാഗം. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിന് മാത്രമായിരുന്നു ഇതുവരെ ഈ ലൈസൻസ് നൽകിയിരുന്നത്.

ഇനി മുതൽ ലഭിക്കുന്ന ലൈസൻസുകളിലെല്ലാം സ്വന്തം ആവശ്യത്തിനും വാണിജ്യാവശ്യത്തിനും കൽക്കരി ഖനനം ചെയ്യാൻ സാധിക്കുമെന്ന് കൽക്കരി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഓഫീസുള്ള വിദേശ കമ്പനികൾക്ക് ലൈസൻസ് നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കൽക്കരി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

കൽക്കരി മേഖലയിലെ ആഗോള ഭീമനായ റിയോ ടിന്റോ എന്ന കമ്പനി ഇന്ത്യൻ കൽക്കരിയിൽ താത്പര്യം പ്രകടിപ്പിച്ച് ഇവിടെ ഓഫീസ് തുറന്നിട്ട് നാളുകളായി. റിയോ ടിന്റോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ നിക് സേനാപതി പുതിയ വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായില്ല.