
ന്യൂസിലന്ഡിനെതിരായ അഞ്ചാം ട്വന്റി-20 മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തിലും അവസാന ഓവറിലാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര തൂത്തുവാരുന്ന ടീം എന്ന റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തമായി.
ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ 21 വേണ്ടപ്പോള്‍ താക്കൂറിന്റെ ഓവറില്‍ ഇഷ് സോധി രണ്ടു സിക്സടിച്ചെങ്കിലും ഏഴു റണ്‍സ് അകലെ ന്യൂസിലന്‍ഡ് വീണു.
മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ബുംറ മാന്‍ ഓഫ് ദി മാച്ച് ആയപ്പോള്‍ മികച്ച ബാറ്റിങ് പ്രകടനങ്ങളോടെ കെ.എല്‍ രാഹുല്‍ പരമ്പരയുടെ താരമായി. റോസ് ടെയ്ലര്‍, സയ്ഫെര്‍ട്ട് എന്നിവര്‍ ഹാഫ് സെഞ്ചുറികള്‍ നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സെയ്നിയും ഷാര്‍ദുല്‍ താക്കൂറും രണ്ടു വിക്കറ്റ് വീതമെടുത്തു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍. 163 റണ്‍സെടുത്തു.
41 പന്തില്‍ നിന്ന് മൂന്നു വീതം സിക്സും ഫോറും സഹിതം രോഹിത് 60 റണ്‍സെടുത്തിരുന്നു. ട്വന്റി 20-യില്‍ രോഹിത്തിന്റെ 21-ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് രോഹിത്ത് നേടി.