പ്രതിശീര്‍ഷ ജിഡിപിയില്‍ ഇന്ത്യ ബംഗ്ലാദേശിനേക്കാള്‍ താഴേക്ക് പോകുമെന്ന് ഐഎംഎഫ്

പ്രതിശീര്ഷ ജിഡിപിയില് ഇന്ത്യ ബംഗ്ലാദേശിനേക്കാള് താഴേക്ക് പോകുമെന്ന് ഐഎംഎഫ് പ്രവചനം.
 | 
പ്രതിശീര്‍ഷ ജിഡിപിയില്‍ ഇന്ത്യ ബംഗ്ലാദേശിനേക്കാള്‍ താഴേക്ക് പോകുമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: പ്രതിശീര്‍ഷ ജിഡിപിയില്‍ ഇന്ത്യ ബംഗ്ലാദേശിനേക്കാള്‍ താഴേക്ക് പോകുമെന്ന് ഐഎംഎഫ് പ്രവചനം. ഈ വര്‍ഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ 10.3 ശതമാനം ഇടിയുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കിയിരിക്കുന്നത്. ജൂണില്‍ കണക്കാക്കിയതിനേക്കാള്‍ വലിയ ഇടിവായിരിക്കും രാജ്യം നേരിടാന്‍ പോകുന്നത്. ചൊവ്വാഴ്ച പുറത്തു വിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലാണ് ഇന്ത്യ നേരിടാന്‍ പോകുന്ന വന്‍ തകര്‍ച്ചയെക്കുറിച്ച് ഐഎംഎഫ് പറയുന്നത്.

2021 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ പ്രതിശീര്‍ഷ ജിഡിപി 1877 ഡോളര്‍ ആയിരിക്കും. 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ജൂണില്‍ ഐഎംഎഫ് പ്രവചിച്ചിരുന്നത്. ഇതേ കാലയളവില്‍ ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ ജിഡിപി 1888 ഡോളറായിരിക്കും. കോവിഡ്-19 മൂലം ആഗോളതലത്തിലുള്ള സാമ്പത്തിക വളര്‍ച്ച 4.4 ശതമാനമായിരിക്കും ഈ വര്‍ഷം രേഖപ്പെടുത്തുക. 2021ല്‍ ഇത് 5.2 ശതമാനമായി തിരികെയെത്തുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

6 വര്‍ഷത്തെ ബിജെപി ഭരണത്തിന്റെ വന്‍ നേട്ടമാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സാമ്പത്തിക ശക്തികളില്‍ ഇറ്റലിയും സ്‌പെയിനും കഴിഞ്ഞാല്‍ ഏറ്റവും വലിയ ഇടിവ് പ്രവചിക്കപ്പെടുന്നത് ഇന്ത്യക്കാണ്. വളര്‍ന്നു വരുന്ന വിപണികളില്‍ ഏറ്റവും വലിയ ആഘാതവും രാജ്യത്തിനാണ് ഉണ്ടാവുകയെന്നും നിരീക്ഷിക്കപ്പെടുന്നു.