ജിഡിപിയില്‍ 7.5 ശതമാനം ഇടിവ്; രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലെന്ന് സ്ഥിരീകരണം

ഇന്ത്യ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തില് എന്ന് സ്ഥിരീകരിച്ച് ജിഡിപി കണക്കുകള്.
 | 
ജിഡിപിയില്‍ 7.5 ശതമാനം ഇടിവ്; രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: ഇന്ത്യ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തില്‍ എന്ന് സ്ഥിരീകരിച്ച് ജിഡിപി കണക്കുകള്‍. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപിയില്‍ രേഖപ്പെടുത്തിയ ഇടിവ് 7.5 ശതമാനമാണെന്ന് ഇന്ന് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ആണ് കണക്കുകള്‍ പുറത്തു വിട്ടത്. തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും വളര്‍ച്ചയില്‍ രേഖപ്പെടുത്തുന്ന ഇടിവ് മാന്ദ്യമായാണ് കണക്കാക്കുന്നത്. 1996 മുതലാണ് സാമ്പത്തിക വര്‍ഷത്തെ നാല് പാദങ്ങളായി വിഭജിച്ച് വളര്‍ച്ച രേഖപ്പെടുത്തുന്ന രീതി ഇന്ത്യയില്‍ തുടങ്ങിയത്. ഇതിന് ശേഷം ആദ്യമായാണ് സമ്പദ് വ്യവസ്ഥ ഇത്രയും രൂക്ഷമായ വളര്‍ച്ചാ മുരടിപ്പ് കാണിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു.

രണ്ടാഴ്ച മുന്‍പ് രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിസര്‍വ് ബാങ്ക് സാമ്പത്തിക വിദഗ്ദ്ധര്‍ സൂചന നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് പുതിയ കണക്കുകള്‍. കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍-ജൂണ്‍ പാദത്തിലെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 23.9 ശതമാനമാണ് ഇടിഞ്ഞത്. ഇതിന്റെ തുടര്‍ച്ചയായി രണ്ടാം പാദത്തില്‍ 8.6 ശതമാനം ഇടിവ് ജിഡിപിയില്‍ ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍-നവംബര്‍ പാദത്തില്‍ 3 ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന പാദത്തില്‍ 0.5 ശതമാനം വളര്‍ച്ചയുണ്ടായേക്കാമെന്നും പ്രവചനമുണ്ട്. ഉത്തേജക പാക്കേജുകള്‍ കണക്കിലെടുത്താണ് ഈ നിഗമനങ്ങള്‍.