കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിൽ സന്തോഷം: ജയലളിത

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റവിമുക്തയാക്കിയ കോടതി വിധിയിൽ തികഞ്ഞ സംതൃപ്തിയുണ്ടെന്ന് ജയലളിത. സത്യത്തിന്റെയും നീതിയുടേയും വിജയമാണ് വിധി.
 | 
കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിൽ സന്തോഷം: ജയലളിത

 

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റവിമുക്തയാക്കിയ കോടതി വിധിയിൽ തികഞ്ഞ സംതൃപ്തിയുണ്ടെന്ന് ജയലളിത. സത്യത്തിന്റെയും നീതിയുടേയും വിജയമാണ് വിധി. തന്നെയും പാർട്ടിയെയും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും ജയലളിത വ്യക്തമാക്കി.

കർണാടക ഹൈക്കോടതിയാണ് വിചാരണക്കോടതി വിധി റദ്ദാക്കിയത്. ജസ്റ്റിസ് സി.ആർ. കുമാരസ്വാമിയാണ് വിധി പുറപ്പെടുവിച്ചത്. ജയലളിത വരുമാന സ്രോതസ് തെളിയിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരോപണങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും കോടതി അറിയിച്ചു. ജയലളിതയും മറ്റ് മൂന്നു പ്രതികളും സമർപ്പിച്ച അപ്പീലിലായിരുന്നു കോടതി വിധി.

അതേസമയം ജയലളിതയെ കുറ്റവിമുക്തയാക്കിയ വിധി ഞെട്ടിച്ചതായി സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി. അഴിമതിക്കെതിരായ പോരാട്ടത്തിനുള്ള തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവിമുക്തയായ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉടൻ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. നിലവിലെ മുഖ്യമന്ത്രി പനീർശെൽവവും മറ്റുമന്ത്രിമാരും ജയലളിതയെ പോയസ് ഗാർഡനിലെത്തി സന്ദർശിച്ചിരുന്നു. താമസിയാതെ പനീർശെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്നും ഈ മാസം 17ന് ജയലളിത സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നുമാണ് സൂചന.

മുഖ്യമന്ത്രിയായിരുന്ന 1991-96 കാലഘട്ടത്തിൽ അനധികൃമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് സെപ്റ്റംബർ 27 ന് ജയലളിതക്ക് വിചാരണക്കോടതി നാല് വർഷം ശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ചത്. തോഴി ശശികല, ജയലളിതയുടെ ദത്തുപുത്രനായ സുധാകരൻ, ബന്ധു ഇളവരശി എന്നിവർക്കും നാലു വർഷം തടവും പത്ത് കോടി രൂപ പിഴയും വിധിച്ചിരുന്നു.