ഐഎന്‍എസ് വിരാട് പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പലായ ഐഎന്എസ് വിരാട് പൊളിക്കുന്നത് നിര്ത്തിവെക്കാന് സുപ്രീം കോടതി നിര്ദേശം.
 | 
ഐഎന്‍എസ് വിരാട് പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. പൊളിക്കുന്നതിനായി കപ്പല്‍ വാങ്ങിയ കമ്പനിക്ക് കോടതി നോട്ടീസ് അയച്ചു. ഡീകമ്മീഷന്‍ ചെയ്ത കപ്പല്‍ മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറായി വന്ന സംഘടനയുടെ ഹര്‍ജിയിലാണ് നടപടി. 100 കോടി രൂപയാണ് സംഘടന വാഗ്ദാനം നല്‍കിയിരിക്കുന്നത്.

എന്നാല്‍ കപ്പലിന്റെ വലിയൊരു ഭാഗം ഇതിനോടകം തന്നെ പൊളിച്ചു മാറ്റിക്കഴിഞ്ഞിട്ടുണ്ട്. കപ്പലിന്റെ മുന്‍ഭാഗമാണ് പൊളിച്ചതെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തിലെ കപ്പലുകള്‍ പൊളിക്കുന്ന കേന്ദ്രത്തിലാണ് വിരാട് ഇപ്പോഴുള്ളത്. ഐഎന്‍എസ് വിരാട് പൊളിക്കുന്നത് തടയാനുള്ള അവസാന പദ്ധതികള്‍ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് കപ്പല്‍ പൊളിച്ചു തുടങ്ങിയത്.

എന്‍വിടെക്ക് മറൈന്‍ കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വിരാടിനെ സ്വന്തമാക്കി മ്യൂസിയമാക്കി മാറ്റാന്‍ പദ്ധതിയിട്ടിരുന്നു. ഗോവ തീരത്ത് വിരാട് മ്യൂസിയം സ്ഥാപിക്കാനായിരുന്നു നീക്കം. അതേസമയം കപ്പല്‍ പൊളിക്കുന്നതിനായി വാങ്ങിയ ശ്രീറാം ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് ഇതിനെ എതിര്‍ത്തിരുന്നു.

2016ല്‍ നേവിയില്‍ നിന്ന് ഡീകമ്മീഷന്‍ ചെയ്ത വിരാടിനെ മ്യൂസിയമാക്കാനായിരുന്നു ആദ്യ പദ്ധതി. പണച്ചെലവേറാന്‍ സാധ്യതയുള്ളതിനാല്‍ ഈ പദ്ധതിയില്‍ നിന്ന് മന്ത്രാലയം പിന്‍മാറുകയായിരുന്നു. ഇതിന് ശേഷം ഇ-ലേലം വഴി ശ്രീറാം ഗ്രൂപ്പ് കപ്പല്‍ സ്വന്തമാക്കുകയായിരുന്നു.