വിക്രം ലാന്‍ഡറിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ നാസയും; പ്രതീക്ഷയോടെ ഇന്ത്യ

ഡിഎസ്എന് സ്റ്റേഷനില് നിന്ന് ലാന്ഡറിലേക്ക് റേഡിയോ സിഗ്നല് അയച്ചതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്
 | 
വിക്രം ലാന്‍ഡറിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ നാസയും; പ്രതീക്ഷയോടെ ഇന്ത്യ

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് ആശയവിനിമയം നഷ്ടമായ ചന്ദ്രയാന്‍-2 വിക്രം ലാന്‍ഡറിനെ പ്രവര്‍ത്തനസജ്ജമാക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയും. നാസയുടെ വിവിധ നിലയങ്ങളില്‍ നിന്നും ലാന്‍ഡറിലേക്ക് നാസ സന്ദേശമയക്കുന്നുണ്ട്. ലാന്‍ഡറുമായുള്ള സമ്പര്‍ക്കത്തിനായി നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി നിരന്തരം റേഡിയോ സിഗ്‌നലുകള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്ന് നാസ വ്യക്തമാക്കി.

സമാനരീതിയില്‍ റേഡിയോ സിഗ്നലുകള്‍ ഐ.എസ്.ആര്‍.ഒയും അയക്കുന്നുണ്ട്. സിഗ്നലുകള്‍ എതെങ്കിലും രീതിയില്‍ ലാന്‍ഡറിലെത്തിയാല്‍ ഇന്ത്യക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചാണ് ലാന്‍ഡറിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. ഐ.എസ്.ആര്‍.ഒയുമായി ഇക്കാര്യത്തില്‍ നാസ ധാരണയുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെ അഭിനന്ദിച്ച് നാസ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് ലാന്‍ഡറുമായി ആശയവിനിമയം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായിരിക്കുന്നത്.

കാലിഫോര്‍ണിയയിലെ ഡിഎസ്എന്‍ സ്റ്റേഷനില്‍ നിന്ന് ലാന്‍ഡറിലേക്ക് റേഡിയോ സിഗ്‌നല്‍ അയച്ചതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്. 12 കിലോവാട്സ് ആവൃത്തിയുള്ള ഡിഎസ്എന്‍ 24 റേഡിയോ സിഗ്‌നലുകള്‍ വിക്രം ലാന്‍ഡറിനെ പ്രവര്‍ത്തനക്ഷമമാക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എന്നാല്‍ ഇനി വരുന്ന പതിനാല് ദിനങ്ങള്‍ക്കുള്ളില്‍ ലാന്‍ഡര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇസ്രോ ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങും.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ചന്ദ്രനില്‍ ഇറങ്ങുന്നതിനിടയില്‍ അവസാന നിമിഷത്തിലാണ് ഇസ്രോയ്ക്ക് ലാന്‍ഡറുമായി ബന്ധം നഷ്ടമായത്. ലാന്‍ഡറിനുള്ളിലെ പ്രഗ്യാന്‍ റോവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായക മിഷന്‍ വിജയകരമാകും. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.