ജെഎന്‍യു സമരം തുടരുന്നു; പിന്തുണയുമായി അധ്യാപകരും

ജെഎന്യുവിലെ വിദ്യാര്ത്ഥി സമരം തുടരുന്നു
 | 
ജെഎന്‍യു സമരം തുടരുന്നു; പിന്തുണയുമായി അധ്യാപകരും

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം തുടരുന്നു. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടന്നു വരുന്ന സമരത്തില്‍ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. അധ്യാപക സംഘടനകള്‍ ഇന്ന് ക്യാമ്പസില്‍ പ്രതിഷേധം സംഘടിപ്പിക്കും.

പാര്‍ലമെന്റിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ ലോങ് മാര്‍ച്ചിലാണ് പോലീസ് മര്‍ദ്ദനം ഉണ്ടായത്. പാര്‍ലമെന്റിന് സമീപം മാര്‍ച്ച് തടഞ്ഞ പോലീസ് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. പിന്നീട് വൈകിട്ട് സ്ട്രീറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്തും വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ക്രൂര മര്‍ദ്ദനമാണ് ഏറ്റത്.

പോലീസ് മര്‍ദ്ദനത്തിന്റെയും പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും ടിവി ചാനലുകളിലും നിറഞ്ഞെങ്കിലും വിദ്യാര്‍ത്ഥികളെ തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഇതിനിടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മാനവവിഭശേഷി മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് വിദ്യാര്‍ഥി യൂണിയനുമായും ജെഎന്‍യു അധികൃതരുമായും ഹോസ്റ്റല്‍ പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തും.