സിദ്ദിഖ് കാപ്പനെതിരായ കുറ്റം ഒഴിവാക്കി; അന്വേഷണത്തില്‍ പോലീസ് പരാജയമെന്ന് കോടതി

യുപിയില് റിമാന്ഡില് കഴിയുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരായ കുറ്റം ഒഴിവാക്കി കോടതി
 | 
സിദ്ദിഖ് കാപ്പനെതിരായ കുറ്റം ഒഴിവാക്കി; അന്വേഷണത്തില്‍ പോലീസ് പരാജയമെന്ന് കോടതി

ന്യൂഡല്‍ഹി: യുപിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ കുറ്റം ഒഴിവാക്കി കോടതി. മഥുര കോടതിയുടേതാണ് നടപടി. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റമായിരുന്നു കാപ്പനെതിരെ ചുമത്തിയിരുന്നത്. ആറു മാസത്തിനുള്ളില്‍ ഈ കുറ്റം ചുമത്തിയതിന് തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന് പോലീസ് വിലയിരുത്തി.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസ് പരാജയപ്പെട്ടതായും കോടതി പറഞ്ഞു. കാപ്പന് ഒപ്പം അറസ്റ്റിലായ അതീഖ് റഹ്മാന്‍, മസൂദ്, ആലം എന്നിവര്‍ക്കെതിരായ കുറ്റവും ഒഴിവാക്കിയിട്ടുണ്ട്. സിദ്ദിഖ് കാപ്പന്‍ നല്‍കിയ ജാമ്യാപേക്ഷ ജൂണ്‍ 22ന് പരിഗണിക്കും.

ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 5ന് അറസ്റ്റിലായ ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തിരുന്നു. ജയിലില്‍ കോവിഡ് ബാധിതനായ കാപ്പന് ശരിയായ ചികിത്സ നല്‍കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.