ജ്ഞാനപീഠ ജേതാവ് ഡി.ജയകാന്തൻ അന്തരിച്ചു

പ്രശസ്ത തമിഴ് സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ഡി. ജയകാന്തൻ (81) അന്തരിച്ചു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധയെ തുടർന്ന് ചികിൽസയിലായിരുന്നു.
 | 
ജ്ഞാനപീഠ ജേതാവ് ഡി.ജയകാന്തൻ അന്തരിച്ചു

 

ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ഡി. ജയകാന്തൻ (81) അന്തരിച്ചു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധയെ തുടർന്ന് ചികിൽസയിലായിരുന്നു. ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപർ തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ജയകാന്തൻ.

1934 ഏപ്രിൽ 24ന് തമിഴ്‌നാട്ടിലെ കടലൂരിലാണ് ജയകാന്തന്റെ ജനനം. അഞ്ചാം ക്ലാസിൽ പഠനമുപേക്ഷിച്ച് വീടു വിട്ട അദ്ദേഹം വിഴുപുരത്തുള്ള അമ്മാവനോടൊപ്പം താമസിച്ചു. അമ്മാവനാണ് ജയകാന്തനെ സാഹിത്യ ലോകവുമായി ബന്ധപ്പെടുത്തിയത്. പിന്നീട് ചെന്നൈയിലേക്ക് പോയ ജയകാന്തൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായി. സി.പി.ഐ. യുടെ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചു. അഭിപ്രായ ഭിന്നതകളെ തുടർന്ന് പാർട്ടി വിട്ട അദ്ദേഹം കാമരാജിനെ ശക്തമായി പിന്തുണച്ച് തമിഴക കോൺഗ്രസ്സിൽ ചേർന്നു.

ഉന്നൈ പോൽ ഒരുവൻ, ചില നേരങ്ങളിൽ ചില മനിതർകൾ, ബ്രഹ്മ ഉപദേശം, പാവം ഇവൾ ഒരു പാപ്പാത്തി, ഒരു പിടി സോറ്, ഗുരുപീഠം തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ രചനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1972ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 2002ൽ ജ്ഞാനപീഠം പുരസ്‌കാരവും 2009ൽ പത്മഭൂഷനും ലഭിച്ചു. പ്രശസ്ത റഷ്യൻ നോവലിസ്റ്റ് അലക്‌സാണ്ടർ പുഷ്‌കിന്റെ രചനകൾ തമിഴിലേക്കു പരിഭാഷപ്പെടുത്തിയതിന് 2011ൽ റഷ്യൻ സർക്കാർ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്’ പുരസ്‌കാരം നൽകി ആദരിച്ചു. ഉന്നൈ പോൽ ഒരുവൻ, ചില നേരങ്ങളിൽ ചില മനിതർകൾ, ഒരു നടികൈ നാടകം പാർക്കിറാൾ, എന്നീ ചില രചനകൾ സിനിമയായിട്ടുണ്ട്.

‘ഒരു ഇലക്കിയവാതിയിൻ അരസിയൽ അനുഭവങ്കൾ’ ആത്മകഥയാണ്.