അധികൃതരെ ചുറ്റിച്ച് ലോക്ക് ഡൗണ്‍ വിജനതയില്‍ ഹൈദരാബാദില്‍ ഇറങ്ങിയ പുലി; വീഡിയോ

ലോക്ക് ഡൗണില് ജനങ്ങള് വീട്ടിലിരുന്നപ്പോള് നഗരം കാണാനിറങ്ങിയ പുലി പോലീസിനെ വട്ടം ചുറ്റിക്കുന്നു
 | 
അധികൃതരെ ചുറ്റിച്ച് ലോക്ക് ഡൗണ്‍ വിജനതയില്‍ ഹൈദരാബാദില്‍ ഇറങ്ങിയ പുലി; വീഡിയോ

ഹൈദരാബാദ്: ലോക്ക് ഡൗണില്‍ ജനങ്ങള്‍ വീട്ടിലിരുന്നപ്പോള്‍ നഗരം കാണാനിറങ്ങിയ പുലി പോലീസിനെയും വനംവകുപ്പിനെയും വട്ടം ചുറ്റിക്കുന്നു. ഹൈദരാബാദ് നഗരത്തിന്റെ അതിര്‍ത്തി പ്രദേശമായ കട്ടേദാനിലാണ് നാട്ടിലിറങ്ങിയ പുലി അധികൃതരെ കബളിപ്പിച്ച് വിലസുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പുലി നാട്ടിലിറങ്ങിയത്. കട്ടേദാനില്‍ ദേശീയപാത 44ന് സമീപമാണ് പുലിയെ ആദ്യമായി കണ്ടത്. കട്ടേദാനില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു ലോറി ക്ലീനറെ പുലി ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി വീഡിയോ ഇതിനിടെ വൈറലായിരുന്നു.

തെരുവുനായ്ക്കള്‍ പുലിയുടെ നേരെ കുരയ്ക്കുന്നതും പുലി അവയെ തുരത്തുന്നതും വീഡിയോയിലുണ്ട്. ഇതിന് പിന്നാലെ കാണാതായ പുലിയെ കണ്ടെത്തുന്നതിനായി സൈബറാബാദ് പോലീസ് ഡ്രോണുകള്‍ രംഗത്തിറക്കി. കട്ടേദാനിലെ ഒരു ഫാം ഹൗസില്‍ പുലിയെ കണ്ടെത്തിയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ട പുലി സമീപത്തുള്ള ചില്‍കൂര്‍ വനത്തിലേക്ക് പോയിരിക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

എന്നാല്‍ ഇന്ന് രാവിലെ ഹിമായത് സാഗറിന് സമീപമുള്ള രാജേന്ദ്രനഗര്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പുലിയുടെ സാന്നിധ്യമുണ്ടെന്ന് ട്രാക്കര്‍ നായയുടെ സഹായത്തോടെ കണ്ടെത്തി. 48 മണിക്കൂറിന് ശേഷമാണ് പുലിയെ വീണ്ടും കാണുന്നത്. ഇതേത്തുടര്‍ന്ന് ഷംഷാബാദിനും ഹിമായത് സാഗറിനും ഇടക്കുള്ള ഔട്ടര്‍ റിംഗ് റോഡില്‍ തെരച്ചില്‍ ആരംഭിച്ചു. പിടിക്കാന്‍ കൂടുകളും കെണികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പിടിതരാതെ വിലസുകയാണ് പുലി എന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ കാണാം

Street dogs say hello to a #leopard, which says hello to a man just before that in this video of #Hyderabad’s latest visitor from the wild. Forest officials say it has retreated to the Chilkur forests.. Read Asif Yar Khan’s report in Telangana Today: https://telanganatoday.com/leopard-may-have-fled-to-chilkur-forest-area-officials

Posted by Dennis Marcus Mathew on Friday, May 15, 2020