തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍ക്ക് നിലവാരമില്ല; അപകടങ്ങളില്‍ ആള്‍നാശം വര്‍ദ്ധിക്കുന്നുവെന്ന് സൈന്യം

സര്ക്കാര് ഉടമസ്ഥതയിലുള്ള ഓര്ഡനന്സ് ഫാക്ടറി ബോര്ഡ് നിര്മിക്കുന്ന മോശം നിലവാരമുള്ള ആയുധങ്ങള് സൈനികരുടെ ജീവനെടുക്കുന്നതായി സൈന്യം.
 | 
തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍ക്ക് നിലവാരമില്ല; അപകടങ്ങളില്‍ ആള്‍നാശം വര്‍ദ്ധിക്കുന്നുവെന്ന് സൈന്യം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് നിര്‍മിക്കുന്ന മോശം നിലവാരമുള്ള ആയുധങ്ങള്‍ സൈനികരുടെ ജീവനെടുക്കുന്നതായി സൈന്യം. പ്രതിരോധ മന്ത്രാലയത്തിന് സൈന്യം നല്‍കിയ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. നിലവാരമില്ലാത്ത ഈ ആയുധങ്ങള്‍ മൂലം 2014 മുതല്‍ 2020 വരെ 960 കോടി രൂപയാണ് നഷ്ടമായത്. ഈ തുകയ്ക്ക് നൂറ് 115 എംഎം ഹോവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങാമായിരുന്നെന്നാണ് സൈന്യം പറയുന്നത്. 23എംഎം വിമാനവേധ ഷെല്ലുകള്‍, ആര്‍ട്ടിലറി ഷെല്ലുകള്‍, 125 എംഎം ടാങ്ക് റൗണ്ടുകള്‍, അസോള്‍ട്ട് ഗണ്ണുകളില്‍ ഉപയോഗിക്കുന്ന വിവിധ കാലിബറുകളിലുള്ള വെടിയുണ്ടകള്‍ എന്നിവയാണ് സൈന്യത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ഓര്‍ഡനന്‍സ് ഫാക്ടറി നിര്‍മിച്ച നിലവാരമില്ലാത്ത ആയുധങ്ങളുണ്ടാക്കിയ അപകടങ്ങള്‍ മൂലം വന്‍ സാമ്പത്തിക നഷ്ടം മാത്രമല്ല, സൈനികരുടെ ജീവനും നഷ്ടമാകുകയാണ്. നിരവധി സൈനികര്‍ക്ക് അംഗവൈകല്യങ്ങളും ഉണ്ടായി. ശരാശരി ആഴ്ചയില്‍ ഒരു അപകടമെങ്കിലും ഇവ സൃഷ്ടിക്കുന്നുണ്ടെന്നാണ് കണക്ക്. 2014 മുതല്‍ 403 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 159 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവയില്‍ അംഗവൈകല്യങ്ങള്‍ സംഭവിച്ചവരും ഉള്‍പ്പെടുന്നു.

2020ല്‍ മാത്രം 13 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ വര്‍ഷം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഎഫ്ബി ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ സര്‍ക്കാര്‍ നിയന്ത്രിത ആയുധ നിര്‍മാണ ശാലയാണ്.