Monday , 25 May 2020
News Updates

ഓരോ വര്‍ഷവും നഷ്ടം കോടികള്‍, രാംദേവിന്റെ പതഞ്ജലിക്ക് വേണ്ടി പണമൊഴുക്കുന്നതാര്? ആരോപണങ്ങള്‍ നോട്ട് നിരോധനത്തിലേക്കും!

യോഗയിലൂടെയും ഇന്ത്യന്‍ ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിലൂടെയും വാര്‍ത്തകളില്‍ ഇടംനേടിയ വ്യക്തിയാണ് ബാബാ രാംദേവ്. 2015ല്‍ ബി.ജെ.പി അധികാരത്തിലേറിയതിന് പിന്നാലെ രാംദേവ് വാണിജ്യ രംഗത്ത് വന്‍ പ്രഖ്യാപനം നടത്തി. പതഞ്ജലിയിലൂടെ ഇന്ത്യന്‍ വിപണി സ്വദേശിവല്‍ക്കരിക്കുമെന്നായിരുന്നു രാംദേവിന്റെ അവകാശവാദം. കോടികള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ ഇതിനായി ഒഴുക്കുകയും ചെയ്തു.

ഇന്ത്യയുടെ മധ്യവര്‍ഗത്തെ ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട പതഞ്ജലി വന്‍തുക മുടക്കി രാജ്യത്ത് ഉടനീളം ഔട്ട്‌ലെറ്റുകളും സ്ഥാപിച്ചു. പ്രധാമായും ഇന്ത്യയുടെ ഗ്രാമങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഉത്പ്പന്നങ്ങള്‍ ഇറക്കിയിരുന്നത്. ആയുര്‍വേദിക്, ഗാര്‍ഗിക ഉത്പ്പന്നങ്ങള്‍ മുതല്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ വരെ പതഞ്ജലി രാജ്യത്ത് നിര്‍മ്മിച്ചു. ആദ്യഘട്ടത്തില്‍ വിപണിയില്‍ ചെറിയ മാറ്റങ്ങളുണ്ടാക്കാന്‍ രാംദേവിന് കഴിഞ്ഞിരുന്നു.

വിപണി പിടിച്ചടക്കാന്‍ കോടികള്‍ മുടക്കിയാണ് പതഞ്ജലി പരസ്യങ്ങള്‍ നല്‍കിയത്. രാംദേവ് തന്നെയായിരുന്നു കമ്പനിയുടെ മുഖമുദ്രയായി അവതരിച്ചത്. ഹിന്ദുത്വത്തിലൂന്നിയ പരസ്യങ്ങള്‍ ഏറെക്കുറെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ആളുകള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ സമാനമല്ല. കമ്പനി ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ തകര്‍ച്ചയുടെ വക്കിലാണ്.

കമ്പനിയുടെ വാര്‍ഷിക വരുമാന കണക്കില്‍ കോടികളുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏതാണ്ട് 47 ബില്യണ്‍ രൂപയാണ്  പതഞ്ജലിക്ക് ഈ വര്‍ഷം നഷ്ടം വന്നിരിക്കുന്നത്. എന്നാല്‍ നഷ്ടം താല്‍ക്കാലികമാണെന്നും ശക്തമായി തിരിച്ചുവരുമെന്നും കമ്പനി വാദിക്കുന്നു. ഔട്ട്‌ലെറ്റുകള്‍ പലതും പൂട്ടിയെങ്കിലും കമ്പനിയുടെ ആത്മവിശ്വാസത്തിന് അത്ര വലിയ കുറവുണ്ടായിട്ടില്ലെന്നാണ് വിശദീകരണത്തില്‍ നിന്നും വ്യക്തമാവുന്നത്.

കമ്പനി നല്‍കുന്ന വിശദീകരണങ്ങള്‍ അത്ര തൃപ്തികരമല്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പതഞ്ജലിയുടെ ഇപ്പോഴുള്ള തൊഴിലാളികളുമായും മുന്‍പ് ജോലി ചെയ്തിരുന്നവരുമായും റോയിട്ടേഴ്‌സ് നടത്തിയ അഭിമുഖത്തില്‍ മറ്റൊരു കഥയാണ് ലഭ്യമായത്. ആദ്യഘട്ടങ്ങളില്‍ കമ്പനി നല്‍കി ഉത്പ്പന്നങ്ങളുടെ ഗുണമേന്‍മ പിന്നീട് ലഭ്യമായില്ല, ഇത് വിപണി തകര്‍ത്തു. കൂടാതെ ഉപഭോക്താക്കള്‍ പതഞ്ജലി ആവശ്യമില്ലെന്നും മറ്റു ബ്രാന്‍ഡുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ തുടങ്ങിയെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

റീട്ടൈയലര്‍ ഷോപ്പുകളില്‍ ഡിമാന്‍ഡ് കുറഞ്ഞതനുസരിച്ച് പതഞ്ജലി ഉത്പ്പന്നങ്ങള്‍ അധികം സ്റ്റോക്ക് ചെയ്യുന്നത് നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പതഞ്ജലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഇതുവരെ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ച രാംദേവിന് വ്യാവസായി താല്‍പ്പര്യങ്ങളുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമായിരുന്നു. 2017 മെയ് മാസം റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 46 മില്യണ്‍ ഡോളറിന്റെ ഇളവാണ് പതഞ്ജലിക്ക് ബി.ജെ.പി നല്‍കിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ ഇളവ് നല്‍കിയിരിക്കുന്നതും. ബി.ജെ.പിക്ക് ശക്തിയില്ലാത്ത സൗത്ത് ഇന്ത്യയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ വലിയ മുതല്‍മുടക്കിന് പതഞ്ജലി തയ്യാറായിട്ടുമില്ല.

സോളാര്‍ പാനല്‍, സിം കാര്‍ഡുകള്‍, മിനറല്‍ വാട്ടര്‍, മൊബൈല്‍ ഫോണ്‍, വസ്ത്രം തുടങ്ങിയ മേഖലകളിലേക്കും പതഞ്ജലി കൈവെക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇവയെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നില്ല. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആരോപിക്കുന്ന അഴിമതിയില്‍ പതഞ്ജലിക്കും കൃത്യമായ റോളുണ്ടെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇവയെക്കുറിച്ചും കൃത്യമായ അന്വേഷണങ്ങളൊന്നും നടന്നില്ല.

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാബാ രാംദേവ് പരിചയപ്പെട്ട ആചാര്യ ബാലകൃഷ്ണ എന്ന വ്യക്തിയാണ് പതഞ്ജലിയുടെ 98.55 ശതമാനം ഷെയറുകളും കൈയ്യടക്കി വെച്ചിരിക്കുന്നത്. പതഞ്ജലിയുമായി ബന്ധപ്പെട്ട് നിര്‍ണായക ചോദ്യങ്ങളില്‍ നിന്ന് നിരന്തരം ഒഴിഞ്ഞു മാറുന്ന ഇദ്ദേഹം ദുരൂഹതയുണര്‍ത്തുന്ന വ്യാപാരിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഹിന്ദുത്വ അടയാളങ്ങള്‍ വിപണിയില്‍ വിലപോവാതിരുന്നതോടെ നഷ്ടത്തിലായ പതഞ്ജലിക്ക് വേണ്ടി ഇത്രയും പണം ആര് ഒഴുക്കുന്നുവെന്നതില്‍ ഇപ്പോഴും ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS