വോട്ടര്‍ പട്ടികയില്‍ മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കളുടെ പേരില്ല; താമസം മാറ്റം കാരണമാക്കി അധികൃതര്‍

പശുമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് സംഘപരിവാര് പ്രവര്ത്തകര് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ ബന്ധുക്കളുടെ പേര് വോട്ടര് പട്ടികയില് നിന്നും നീക്കം ചെയ്തു.
 | 
വോട്ടര്‍ പട്ടികയില്‍ മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കളുടെ പേരില്ല; താമസം മാറ്റം കാരണമാക്കി അധികൃതര്‍

ലക്നൗ: പശുമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തു. ഗൗതം ബുദ്ധ് നഗറിലാണ് അഖ്‌ലാഖിന്റെ ബന്ധുക്കള്‍ എല്ലാവര്‍ക്കും വോട്ട്. എന്നാല്‍ ഇവിടുത്തെ പട്ടിക പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ ആരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. അഖ്‌ലാഖിന്റെ കുടുംബം മാസങ്ങളായി താമസിക്കുന്ന മറ്റൊരിടത്താണെന്നും അതിനാല്‍ ഗൗതം ബുദ്ധ് നഗറിലെ വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു ബ്ലോക്ക് ലെവല്‍ ഓഫീസറുടെ വിശദീകരണം.

അഖ്‌ലാഖിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ബി.ജെ.പി പക്ഷത്താണ്. പശു സംരക്ഷണം മുഖമുദ്രയാക്കി ദാദ്രിയിലുള്‍പ്പെടെ വോട്ട് പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അഖ്‌ലാഖിന്റെ ഘാതകരെ ഉള്‍പ്പെടെ അഭിനന്ദിച്ച് ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. അഖ്‌ലാഖിന്റെ കുടുംബത്തെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്തതോടെയാണ് ഇവര്‍ ഗൗതം ബുദ്ധ് നഗറില്‍ നിന്നും ബിസാര ഗ്രാമത്തിലേക്ക് താമസം മാറിയത്.

അഖ്‌ലാഖ് കൊലപാതക കേസിലെ മുഖ്യപ്രതി വിശാല്‍ സിങ് റാണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നേരത്തെ വേദി പങ്കിട്ടിരുന്നു. 2015ലാണ് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടത്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കൂട്ടംചേര്‍ന്നെത്തി വയോധികനായ അഖ്‌ലാഖിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ബി.ജെ.പിയുടെ ഗൗതം ബുദ്ധ നഗര്‍ സ്ഥാനാര്‍ഥി മഹേഷ് ശര്‍മ്മ ഇത്തവണ എന്തുവിലകൊടുത്തും പരാജയപ്പെടുത്തുമെന്ന് ബി.എസ്.പി-എസ്.പി സഖ്യം നേരത്തെ വ്യക്തമാക്കിയിരുന്നു.