മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നാളെത്തന്നെ നടത്തണമെന്ന് സുപ്രീം കോടതി

മഹാരാഷ്ട്രയില് ബിജെപിക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി.
 | 
മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നാളെത്തന്നെ നടത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. ബുധനാഴ്ച തന്നെ ബിജെപി സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗവര്‍ണര്‍ ഏഴ് ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്. ഇത് വെട്ടിച്ചുരുക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി വിശ്വാസവോട്ട് നേടിയിരിക്കണമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി.

പ്രോടേം സ്പീക്കറാകം വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും സുതാര്യമായ വോട്ടെടുപ്പ് നടത്തണമെന്നും കോടതി പറഞ്ഞു. 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന, എന്‍.സി.പി., കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി ഹര്‍ജി നല്‍കിയിരുന്നത്. ഞായറാഴ്ച ഹര്‍ജി പരിഗണിച്ച കോടതി കേസ് തിങ്കളാഴ്ചയിലേക്കും പിന്നീട് വിധി പറയുന്നതിനായി ഇന്നത്തേക്കും മാറ്റുകയായിരുന്നു. വിശ്വാസം തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ബിജെപി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

170 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടാണ് ദേവേന്ദ്ര ഫഡ്‌നവിസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. അജിത് പവാറിനെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തുകൊണ്ട് എന്‍.സി.പി.യുടെ 54 അംഗങ്ങള്‍ ഒപ്പുവെച്ച രേഖയും 11 സ്വതന്ത്രരുടെ പിന്തുണ വ്യക്തമാക്കുന്ന രേഖയും ഇതിനൊപ്പം നല്‍കിയിരുന്നു. ഫഡ്‌നവിസിന്റെ കത്തും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു കൊണ്ട് നല്‍കിയ കത്തും കോടതി പരിശോധിച്ചിരുന്നു.

54 അംഗങ്ങളുടെ നേതാവായ അജിത് പവാറിന്റെ പിന്തുണ തനിക്കുണ്ടെന്നാണ് ഫഡ്‌നവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ അവകാശപ്പെട്ടത്. എന്നാല്‍, എന്‍.സി.പി. അംഗങ്ങളുടെ പിന്തുണ, അജിത് പവാറിനെ നേതാവാക്കാന്‍ നല്‍കിയതാണോ അതോ ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കാന്‍ നല്‍കിയതാണോയെന്ന് കോടതിക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.