ബിജെപിക്ക് ഒരു ദിവസം കൂടി; സര്‍ക്കാര്‍ രൂപീകരണത്തിനെതിരായ ഹര്‍ജിയില്‍ വിധി നാളെ

മഹാരാഷ്ട്രയില് സര്ക്കാര് രൂപീകരിക്കാന് ഗവര്ണര് നല്കിയ അനുമതിക്കെതിരെ ലഭിച്ച ഹര്ജിയില് വിധി നാളെ
 | 
ബിജെപിക്ക് ഒരു ദിവസം കൂടി; സര്‍ക്കാര്‍ രൂപീകരണത്തിനെതിരായ ഹര്‍ജിയില്‍ വിധി നാളെ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിക്കെതിരെ ലഭിച്ച ഹര്‍ജിയില്‍ വിധി നാളെ. രാവിലെ 10.30ന് വിധി പറയുമെന്ന് ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു. ഹര്‍ജിയില്‍ രണ്ടാം ദിവസവും ശക്തമായ വാദത്തിന് ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കുന്ന കത്തുകള്‍ ഹാജരാക്കണമെന്ന് ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു.

കേസില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്നും കോടതിയിലുണ്ടായത്. ഭൂരിപക്ഷം അവകാശപ്പെട്ട് ദേവേന്ദ്ര ഫഡ്‌നവിസ് നല്‍കിയ കത്തും മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തുമാണ് കോടതി ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇവ കോടതിയില്‍ ഹാജരാക്കി. ഇന്നോ നാളെയോ വിശ്വാസ വോട്ട് നടത്തണമെന്ന് കോണ്‍ഗ്രസിനും എന്‍സിപിക്കും വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി വാദിച്ചു.

രാഷ്ട്രപതി ഭരണം പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ശിവസേനയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്. വിശ്വാസ വോട്ട് എത്രയും വേഗം നടത്തണമെന്നും സിബല്‍ വാദിച്ചു.