രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ചെ 5.47ന്; ഉപമുഖ്യമന്ത്രിയായത് എന്‍ഫോഴ്‌സ്‌മെന്റ് കേസിലെ പ്രതി

മഹാരാഷ്ട്രയില് അധികാരത്തിനായി ബിജെപി നടത്തിയത് നിശബ്ദ നീക്കങ്ങള്.
 | 
രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ചെ 5.47ന്; ഉപമുഖ്യമന്ത്രിയായത് എന്‍ഫോഴ്‌സ്‌മെന്റ് കേസിലെ പ്രതി

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിനായി ബിജെപി നടത്തിയത് നിശബ്ദ നീക്കങ്ങള്‍. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേനാ സഖ്യം ഇന്ന് ഗവര്‍ണറെ കാണാന്‍ തീരുമാനം എടുത്തതിന് ശേഷം മണിക്കൂറുകള്‍ക്കകം എന്‍സിപിയിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു ബിജെപി. ബിജെപിക്ക് പിന്തുണ നല്‍കുന്ന അജിത് പവാര്‍ എന്‍സിപിയുടെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പ്രതി കൂടിയാണ് അജിത് പവാര്‍. അര്‍ദ്ധരാത്രി നടത്തിയ രഹസ്യനീക്കത്തിലൂടെ പുലര്‍ച്ചെ 5.47ന് രാഷ്ട്രപതി ഭരണം പിന്‍വലിച്ചു കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുക്കിയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും മരുമകന്‍ അജിത് പവാറിനും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തത്. 25,000 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കുമായി ചേര്‍ന്ന് വെളുപ്പിച്ചെടുത്തു എന്നാണ് ആരോപണം. അജിത് പവാര്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ കാരണം ഈ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നുണ്ട്. കര്‍ണാടകയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ബിജെപിക്ക് പിന്തുണ നല്‍കിയത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ശരദ് പവാര്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് അംഗീകരിച്ചിട്ടില്ല. നീക്കം ശരദ് പവാറിന്റെ അറിവോടെയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശരദ് പവാര്‍ നടത്തിയ കൂടിക്കാഴ്ചയെ കോണ്‍ഗ്രസ് സംശയദൃഷ്ടിയോടെയാണ് സമീപിക്കുന്നത്.

എന്‍സിപി പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേനയും ആരോപിക്കുന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ കണ്ട് ഇന്ന് അവകാശവാദം ഉന്നയിക്കാന്‍ ഇന്നലെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം തീരുമാനിച്ചിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തയാളാണ് ഇന്ന് രാവിലെ ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.