മഹാരാഷ്ട്ര; വിശ്വാസ വോട്ട് അടിയന്തരമായി നടത്തില്ല, കത്തുകള്‍ നാളെ ഹാജരാക്കാന്‍ നിര്‍ദേശം

മഹാരാഷ്ട്രയില് അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്തില്ല.
 | 
മഹാരാഷ്ട്ര; വിശ്വാസ വോട്ട് അടിയന്തരമായി നടത്തില്ല, കത്തുകള്‍ നാളെ ഹാജരാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്തില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ദേവേന്ദ്രഫഡ്‌നാവിസിന് അനുമതി നല്‍കിയ മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും. ഇന്ന് തന്നെ വിശ്വാസം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ശിവസേനയ്ക്ക് വേണ്ടി വാദിച്ച കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞത്.

അതേസമയം വിശ്വാസം തെളിയിക്കാന്‍ മൂന്ന് ദിവസം വേണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിച്ചു. കത്തുകള്‍ നാളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ അടിയന്തര പ്രാധാന്യമില്ലെന്നാണ് ഗവര്‍ണര്‍ക്ക് വേണ്ടി വാദിച്ച തുഷാര്‍ മേത്ത സ്വീകരിച്ച നിലപാട്.. വ്യക്തികളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നും പാര്‍ട്ടികള്‍ക്ക് മൗലികാവകാശങ്ങള്‍ ഇല്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍്ക്കില്ലെന്നും തുഷാര്‍ മേത്ത വാദിച്ചു.

ഗവര്‍ണര്‍ പിന്തുണക്കത്ത് പരിശോധിച്ചില്ലെന്ന് കോണ്‍ഗ്രസിനും എന്‍സിപിക്കും വേണ്ടി വാദിച്ച മനു അഭിഷേക് സിംഗ്വി പറഞ്ഞു. അജിത് പവാറിന് എന്‍സിപിയുടെ പിന്തുണയില്ലെന്നും അജിത് നല്‍കിയ കത്ത് നിയമവിരുദ്ധമാണെന്നും സിംഗ്വി വാദിച്ചു. കുതിരക്കച്ചവടത്തിന് അവസരം നല്‍കാതെ വിശ്വാസവോട്ട് എത്രയും വേഗം നടത്തണമെന്നാണ് ഹര്‍ജിക്കാരുട അഭിഭാഷകര്‍ ആവശ്യപ്പെട്ടത്.