പ്രളയകാലത്ത് കേരളത്തില്‍ ചുമടെടുത്ത മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

2018ലെ മഹാപ്രളയ കാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്ത്തകര്ക്കൊപ്പം അരിച്ചാക്ക് ചുമക്കാന് കൂടിയ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് രാജിവെച്ചു.
 | 
പ്രളയകാലത്ത് കേരളത്തില്‍ ചുമടെടുത്ത മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: 2018ലെ മഹാപ്രളയ കാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം അരിച്ചാക്ക് ചുമക്കാന്‍ കൂടിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു കൊണ്ടുള്ള കത്ത് കണ്ണന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ദാദ്ര-നഗര്‍ ഹവേലിയില്‍ ഊര്‍ജ്ജ-നഗരവികസന വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. രാജിക്കത്തില്‍ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്വതന്ത്രാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തതാണ് തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു.

സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നത് സഹജീവികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള അവസരമാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ഓഗസ്റ്റ് 20ന് കണ്ണന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ 21-ാം തിയതിയാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. രാജിക്കത്തില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം തീരുമാനം എടുക്കാന്‍ മൂന്ന് മാസം സമയമെടുത്തേക്കും. അത്രയും കാലം കണ്ണന്‍ സര്‍വീസില്‍ തുടരേണ്ടി വരും.

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്ന കേന്ദ്രത്തില്‍ സന്നദ്ധ സേവനത്തിന് എത്തിയ കണ്ണനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് എറണാകുളം കളക്ടറായിരുന്ന എം.ജി.രാജമാണിക്യമാണ് കണ്ണനെ തിരിച്ചറിഞ്ഞത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ചുമടെടുക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായെങ്കിലും മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ കണ്ണന്‍ തിരികെ മടങ്ങുകയായിരുന്നു.