ചെലവുകളില്‍ തര്‍ക്കം; ജീവനക്കാരന്റെ ജനനേന്ദ്രിയത്തില്‍ തൊഴിലുടമ സാനിറ്റൈസര്‍ ഒഴിച്ചതായി പരാതി

പൂനെയില് ജീവനക്കാരന്റെ ജനനേന്ദ്രിയത്തില് തൊഴിലുടമ സാനിറ്റൈസര് ഒഴിച്ചതായി പരാതി.
 | 
ചെലവുകളില്‍ തര്‍ക്കം; ജീവനക്കാരന്റെ ജനനേന്ദ്രിയത്തില്‍ തൊഴിലുടമ സാനിറ്റൈസര്‍ ഒഴിച്ചതായി പരാതി

പൂനെ: പൂനെയില്‍ ജീവനക്കാരന്റെ ജനനേന്ദ്രിയത്തില്‍ തൊഴിലുടമ സാനിറ്റൈസര്‍ ഒഴിച്ചതായി പരാതി. ലോക്ക് ഡൗണ്‍ സമയത്തെ ചെലവുകള്‍ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുതലാളിയും സംഘവും തന്നെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചെന്നും ഇതിനിടെ ജനനേന്ദ്രിയത്തില്‍ സാനിറ്റൈസര്‍ ഒഴിച്ചുവെന്നുമാണ് 30 കാരനായ പരാതിക്കാരന്‍ പറയുന്നത്. ജൂണ്‍ 13, 14 തിയതികളില്‍ ഓഫീസില്‍ വെച്ചാണ് സംഭവമുണ്ടായതെന്നും പരാതിയില്‍ ഇയാള്‍ വ്യക്തമാക്കുന്നു. ജൂലൈ 2നാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.

കലാകാരന്‍മാരുടെ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിക്കുന്ന കമ്പനിയുടെ മാനേജരാണ് പരാതിക്കാരനായ യുവാവ്. മാര്‍ച്ചില്‍ ഇയാള്‍ക്ക് ഡല്‍ഹിയില്‍ ഔദ്യോഗികാവശ്യത്തിനായി പോകേണ്ടതായി വന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇയാള്‍ ഡല്‍ഹിയില്‍ കുടുങ്ങി. ഡല്‍ഹിയിലെ ഒരു ലോഡ്ജില്‍ തങ്ങിയ ഇയാള്‍ ഓഫീസില്‍ നിന്ന് നല്‍കിയ പണമാണ് ഇവിടെ ചെലവഴിച്ചത്.

മെയ് 7നാണ് ഇയാള്‍ തിരികെ പൂനെയില്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്നെത്തിയതിനാല്‍ 17 ദിവസം ഒരു ഹോട്ടലില്‍ ഇയാള്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വന്നു. പണം ഇല്ലാത്തതിനാല്‍ ചെക്ക് ഔട്ട് ചെയ്തപ്പോള്‍ ഫോണു വാച്ചും ഹോട്ടലില്‍ നല്‍കേണ്ടി വരികയും ചെയ്തു. ജൂണ്‍ 13ന് തന്റെ കമ്പനിയുടമ പണം തിരികെ ചോദിച്ചു. പിന്നീട് ഇയാളെ ഒരു കാറില്‍ കയറ്റി ഒാഫീസില്‍ എത്തിച്ച് മര്‍ദ്ദിക്കുകയും പൂട്ടിയിടുകയുമായിരുന്നു.

പിന്നീട് മോചിതനായ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.