രാംപാലിന്റെ ആശ്രമം ആഡംബരം നിറഞ്ഞ കൊട്ടാരം

ഹരിയാനയിലെ ആൾദൈവം രാംപാലിന്റെ ആശ്രമത്തിൽ കയറിയ പോലീസുകാർ അക്ഷരാർത്ഥത്തിൽ നടുങ്ങി. ഒരു ആശ്രമത്തിൽ നിന്നും പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ ആയിരുന്നില്ല അവിടെ കണ്ടത്.
 | 

രാംപാലിന്റെ ആശ്രമം ആഡംബരം നിറഞ്ഞ കൊട്ടാരം

 ബർവാല: ഹരിയാനയിലെ ആൾദൈവം രാംപാലിന്റെ ആശ്രമത്തിൽ കയറിയ പോലീസുകാർ അക്ഷരാർത്ഥത്തിൽ നടുങ്ങി. ഒരു ആശ്രമത്തിൽ നിന്നും പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ ആയിരുന്നില്ല അവിടെ കണ്ടത്. അവിടെ ആഡംബരം നിറഞ്ഞ ആശ്രമം ഒരു കൊട്ടാരം പോലെയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ഹരിയാനയിലെ ഹിസാറയിൽ സ്ഥിതി ചെയ്യുന്ന രാംപാലിന്റെ ആശ്രമം 30 അടി ഉയരത്തിലുള്ള 5 മതിലുകൾക്ക് ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. പുറത്തു നിന്നു നോക്കിയാൽ അകത്ത് നടക്കുന്ന കാര്യങ്ങൾ ആർക്കും കാണനാകില്ല. അഞ്ച് നിലകളാണ് ആശ്രമത്തിനുള്ളത്. ആർക്കും പെട്ടെന്ന് കടന്ന് ചെല്ലാൻ സാധിക്കാത്ത വിധം പ്രധാന കവാടങ്ങൾ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ആശ്രമത്തിനുള്ളിൽ പ്രവേശിക്കാൻ ഹരിയാന പോലീസ് ഏറെ പരിശ്രമിച്ചു. 23 തോക്കുകളാണ് ആശ്രമത്തിൽ നിന്നും പോലീസ് കണ്ടെടുത്തത്. ഒന്നിലധികം വരുന്ന ആംഡംബര കാറുകളും ആശ്രമത്തിന്റെ പരിസരത്തു നിന്നും പോലീസ് പിടിച്ചെടുത്തു.

രാംപാലിന്റെ ആശ്രമം ആഡംബരം നിറഞ്ഞ കൊട്ടാരം

ആൾദൈവത്തിന് കുളിക്കാൻ ആശ്രമത്തിനകത്ത് 25 മീറ്റർ നീളത്തിലാണ് നീന്തൽകുളം ഒരുക്കിയിരിക്കുന്നത്. മസാജ് ചെയ്യുന്നതിനും മറ്റുമായി പ്രത്യേക സജ്ജീകരണങ്ങൾ. താമസിക്കാൻ എയർ കണ്ടീഷനോടുകൂടിയ മുറികൾ, ഫഌറ്റ് ടി.വികൾ, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കുളിമുറികൾ. ഏകദേശം അൻപതിനായിരത്തിലധികം പേർക്ക് താമസിക്കാൻ കഴിയുന്ന മുറികൾ. തന്റെ ഭക്തരോട് സംസാരിക്കാൻ പ്രത്യക സംവിധാനങ്ങൾ. 2012-13ലാണ് ഈ ആഡംഭര ആശ്രമത്തിന്റെ പണി കഴിയുന്നത്.

രാംപാലിന്റെ ആശ്രമം ആഡംബരം നിറഞ്ഞ കൊട്ടാരം
ഇത്തരത്തിലുള്ള ഒരു ആശ്രമം നിർമ്മിക്കാൻ കോടികളാണ് വേണ്ടിവരുക. രാംപാലിന്റെ വരുമാന സ്രോതസിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് ശേഷവും നിരവധി ആളുകൾ ഇപ്പോഴും ആശ്രമത്തിൽ കഴിയുന്നുണ്ട്. ഇവരോട് സ്വന്തം നാടുകളിലേക്ക് പോകാൻ പോലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും പലരും വഴങ്ങുന്നില്ല. മജിസ്‌ട്രേറ്റിൽ നിന്നും വാങ്ങിയ പ്രത്യേക സെർച്ച് വാറന്റോടു കൂടിയാണ് പോലീസ് രാംപാലിന്റെ ആശ്രമത്തിൽ പരിശോധനയ്‌ക്കെത്തിയത്.