അമേരിക്കയിലേക്ക് കടക്കാനെത്തിയ 300ലേറെ ഇന്ത്യക്കാരെ മെക്‌സിക്കോ തിരിച്ചയച്ചു

അനധികൃതമായി അമേരിക്കയിലേക്ക് കടക്കാനെത്തിയ 311 പേരെ മെക്സിക്കോ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
 | 
അമേരിക്കയിലേക്ക് കടക്കാനെത്തിയ 300ലേറെ ഇന്ത്യക്കാരെ മെക്‌സിക്കോ തിരിച്ചയച്ചു

ന്യൂഡല്‍ഹി: അനധികൃതമായി അമേരിക്കയിലേക്ക് കടക്കാനെത്തിയ 311 പേരെ മെക്‌സിക്കോ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. മെക്‌സിക്കോയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പിടിയിലായ ഇവരെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയില്‍ എത്തിച്ചത്. മെക്‌സിക്കോയുടേത് അപ്രതീക്ഷിത നീക്കമാണെന്ന് വിവരമറിയിച്ചുകൊണ്ട് നാഷണന്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ജൂണില്‍ അമേരിക്കയുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചാണ് മെക്‌സിക്കോ ഈ നടപടിയെടുത്തിരിക്കുന്നത്. അമേരിക്കയിലേക്കുള്ള നുഴഞ്ഞു കയറ്റം കുറയ്ക്കാന്‍ സഹായിച്ചാല്‍ മെക്‌സിക്കോയില്‍ നിന്നുള്ള കയറ്റുമതി താരിഫുകളില്‍ വ്യത്യാസം വരുത്താമെന്നാണ് കരാറില്‍ അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. ഇത്രയും ആളുകളെ ആദ്യമായാണ് മെക്‌സിക്കോ നാടുകടത്തുന്നതെന്നും നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാടുകടത്തപ്പെട്ടത് 310 പുരുഷന്‍മാരും ഒരു സ്ത്രീയുമാണ്. ഇവരില്‍ ഭൂരിപക്ഷവും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാരും മെക്‌സിക്കോ നാഷണല്‍ ഗാര്‍ഡുമാരും ഇവര്‍ക്കൊപ്പം എത്തിയിട്ടുണ്ട്. തിരിച്ചെത്തിയവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യ പോലീസ് പരിശോധിച്ചു വരികയാണ്.

മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കടക്കുന്ന സതേണ്‍ മെക്‌സിക്കോ ഉള്‍പ്പെടെ എട്ട് സ്റ്റേറ്റുകളില്‍ നിന്നാണ് ഇത്രയും ആളുകളെ പിടികൂടിയത്. ഇത്തരത്തില്‍ പിടികൂടുന്നവരെ ആദ്യമായാണ് കൂട്ടമായി തിരികെ അയക്കുന്നതെന്നും ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കുമെന്നുമാണ് നിരീക്ഷകര്‍ പറയുന്നത്.