2022 ലോകകപ്പ് ഖത്തറിന് നല്‍കിയതില്‍ അഴിമതി? മുന്‍ യുവേഫ തലവന്‍ മിഷേല്‍ പ്ലാറ്റീനി അറസ്റ്റില്‍

യുവേഫയുടെ മുന് പ്രസിഡന്റും ഫ്രഞ്ച് ഫുട്ബോള് ഇതിഹാസവുമായിരുന്ന മിഷേല് പ്ലാറ്റീനി അറസ്റ്റില്.
 | 
2022 ലോകകപ്പ് ഖത്തറിന് നല്‍കിയതില്‍ അഴിമതി? മുന്‍ യുവേഫ തലവന്‍ മിഷേല്‍ പ്ലാറ്റീനി അറസ്റ്റില്‍

പാരീസ്: യുവേഫയുടെ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായിരുന്ന മിഷേല്‍ പ്ലാറ്റീനി അറസ്റ്റില്‍. 2022 ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറിന് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കേസിലാണ് പ്ലാറ്റീനിയെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2010ലാണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചത്. ഇതു സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ 2018, 2022 വര്‍ഷങ്ങളില്‍ ലോകകപ്പ് വേദികള്‍ അനുവദിച്ച 22 അംഗ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 10 അംഗങ്ങള്‍ക്ക് വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു.

63കാരനായ പ്ലാറ്റീനി 2007 മുതല്‍ യുവേഫ പ്രസിഡന്റായിരുന്നു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് 2016ല്‍ വിലക്ക് ലഭിക്കുന്നതു വരെ ഇതേ സ്ഥാനത്തു തുടര്‍ന്നു. ആറു വര്‍ഷത്തേക്ക് ലഭിച്ച വിലക്ക് പിന്നീട് സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതി നാലു വര്‍ഷമായി ചുരുക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഈ വിലക്ക് അവസാനിച്ചതിനു പിന്നാലെയാണ് പുതിയ കുരുക്കില്‍ പ്ലാറ്റീനി പെട്ടിരിക്കുന്നത്. 1998ലെ ഫിഫ ലോകകപ്പ് സംഘാടക സമിതിയില്‍ അംഗമായിരുന്ന പ്ലാറ്റീനി 2002ലാണ് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇടം നേടിയത്. ഈ സമിതിയാണ് ഖത്തറിന് 2022ല്‍ ലോകകപ്പ് മത്സരങ്ങള്‍ അനുവദിച്ചത്.