ആരോഗ്യസേതു ആപ്പ് നിര്‍മിച്ചത് ആര്? അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; നോട്ടീസ് അയച്ച് വിവരാവകാശ കമ്മീഷന്‍

കോവിഡ് രോഗികളെ ട്രാക്ക് ചെയ്യാന് അവതരിപ്പിച്ച ആരോഗ്യസേതു ആപ്പ് നിര്മിച്ചത് ആരാണെന്ന് അറിയില്ലെന്ന് കേന്ദ്രസര്ക്കാര്.
 | 
ആരോഗ്യസേതു ആപ്പ് നിര്‍മിച്ചത് ആര്? അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; നോട്ടീസ് അയച്ച് വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: കോവിഡ് രോഗികളെ ട്രാക്ക് ചെയ്യാന്‍ അവതരിപ്പിച്ച ആരോഗ്യസേതു ആപ്പ് നിര്‍മിച്ചത് ആരാണെന്ന് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ ചോദ്യത്തിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ഇലക്ട്രോണിക്‌സ് മന്ത്രാലയവും നാഷണല്‍ ഇ ഗവേര്‍ണന്‍സ് വകുപ്പും നല്‍കിയ മറുപടിയിലാണ് ആപ്പ് നിര്‍മിച്ചത് ആരാണെന്ന് വ്യക്തമല്ലെന്ന് പറഞ്ഞത്. ഐടി മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ചേര്‍ന്ന് നിര്‍മിച്ചത് എന്നാണ് ആപ്പില്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ വിവരാവകാശ നിയമം അനുസരിച്ചുള്ള ചോദ്യത്തിന് നിര്‍മാതാക്കളെ അറിയില്ലെന്നാണ് മറുപടി.

കോടിക്കണക്കിന് ആളുകളുടെ ഡേറ്റ കൈകാര്യം ചെയ്യുന്ന ആപ്പ് കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുതല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. സംഭവത്തില്‍ ദേശീയ വിവരാവകാശ കമ്മീഷന്‍ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

സൗരവ് ദാസ് എന്ന സാമൂഹ്യപ്രവര്‍ത്തകനാണ് വിവരാവകാശ ചോദ്യം ഉന്നയിച്ചത്. ആപ്പ് നിര്‍മിച്ച കമ്പനി, ആപ്പ് നിര്‍മിക്കാനുള്ള അപേക്ഷ, അതിന് നല്‍കിയ അനുമതി, നിര്‍മാണവുമായി ബന്ധപ്പെട്ട വ്യക്തികളും സര്‍ക്കാര്‍ വകുപ്പുകളും ആപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന ആശയവിനിമയങ്ങളുടെ പകര്‍പ്പ് തുടങ്ങിയവയായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഇവയ്‌ക്കൊന്നും മറുപടി നല്‍കാതെ വകുപ്പുകള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് സൗരവ് ദാസ് പറഞ്ഞു.

വിഷയത്തില്‍ എല്ലാ വകുപ്പുകളുടെയും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആരോഗ്യസേതു വെബ്‌സൈറ്റിന്റെ ഡൊമെയ്ന്‍ https://aarogyasetu.gov.in/ എന്നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന് ഇതേക്കുറിച്ച് അറിയില്ലെങ്കില്‍ അങ്ങനെയൊരു ഡൊമെയ്ന്‍ എങ്ങനെ വന്നുവെന്നും വിവരാവകാശ കമ്മീഷന്‍ നോട്ടീസില്‍ ചോദിക്കുന്നു.

ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടെന്ന് ഫ്രഞ്ച് എത്തിക്കല്‍ ഹാക്കറായ റോബര്‍ട്ട് ബാപ്റ്റിസ്റ്റ പറഞ്ഞിരുന്നു. 90 മില്യന്‍ ഉപയോക്താക്കളുടെ ഡേറ്റയാണ് അപകടത്തിലായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് ആയാണ് സൂക്ഷിക്കുന്നതെന്നും അവ സുരക്ഷിതമാണെന്നുമായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.