മിര്‍സാപൂര്‍ നഗരത്തെ സംഘര്‍ഷഭരിതമെന്ന് ചിത്രീകരിക്കുന്നു; വെബ് സീരീസിനെതിരെ നടപടി ആവശ്യപ്പെട്ട് എംപി

നഗരത്തെ അക്രമാസക്തമായി ചിത്രീകരിക്കുന്നതിനാല് വെബ് സീരീസിനെതിരെ നടപടിയെടുക്കണമെന്ന വിചിത്ര ആവശ്യവുമായി എംപി.
 | 
മിര്‍സാപൂര്‍ നഗരത്തെ സംഘര്‍ഷഭരിതമെന്ന് ചിത്രീകരിക്കുന്നു; വെബ് സീരീസിനെതിരെ നടപടി ആവശ്യപ്പെട്ട് എംപി

മിര്‍സാപൂര്‍: നഗരത്തെ അക്രമാസക്തമായി ചിത്രീകരിക്കുന്നതിനാല്‍ വെബ് സീരീസിനെതിരെ നടപടിയെടുക്കണമെന്ന വിചിത്ര ആവശ്യവുമായി എംപി. ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന മിര്‍സാപൂര്‍ എന്ന വെബ് സീരീസിനെതിരെയാണ് എംപി രംഗത്തെത്തിയിരിക്കുന്നത്. സീരീസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിയായ അനുപ്രിയ പട്ടേല്‍ പ്രധാനമന്ത്രിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു.

മോദിയുടെ ആദിത്യനാഥിന്റെയും കീഴില്‍ മിര്‍സാപൂര്‍ വികസിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ പ്രദേശം സമാധാനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നുമാണ് അനുപ്രിയ പട്ടേല്‍ പറയുന്നത്. നഗരം ഹിംസയുടെ കേന്ദ്രമാണെന്ന് വെബ് സീരീസ് പറയുന്നു. ഇതിലൂടെ നഗരത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്. വംശീയ വിദ്വേഷവും സീരീസ് പരത്തുന്നുണ്ടെന്ന് എംപി ആരോപിക്കുന്നു.

അതിനാല്‍ സീരീസിനെതിരെ അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം. ആമസോണ്‍ പ്രൈമില്‍ വന്‍ പ്രേക്ഷക പ്രീതി നേടിയ മിര്‍സാപൂര്‍ ആദ്യ സീസണ്‍ 2018ലായിരുന്നു സ്ട്രീം ചെയ്തത്. രണ്ടാം സീസണ്‍ ഒക്ടോബര്‍ 23ന് ആരംഭിച്ചു. 10 എപ്പിസോഡുകളുള്ള പരമ്പരയാണ് രണ്ടാം സീസണ്‍.