നരേന്ദ്ര മോഡി പാക്കിസ്ഥാൻ സന്ദർശിക്കും

അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. റഷ്യയിലെ ഉഫയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മോഡി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
 | 
നരേന്ദ്ര മോഡി പാക്കിസ്ഥാൻ സന്ദർശിക്കും

 

ഉഫ: അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. റഷ്യയിലെ ഉഫയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മോഡി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നെന്ന് വിദേശകാര്യ സെക്രട്ടറിമാർ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയതു.

ഇരുരാജ്യങ്ങളും പിടികൂടിയ മത്സ്യത്തൊഴിലാളികളെ 15 ദിവസത്തിനകം വിട്ടയക്കാൻ ചർച്ചയിൽ ധാരണയായി.. ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥന്മാർ തമ്മിലും ചർച്ചകൾ തുടരും. മുംബൈ ഭീകരാക്രമണക്കേസിൽ വേഗത്തിൽ നടപടി വേണം എന്ന് ആവശ്യപ്പെട്ട നരേന്ദ്രമോഡി ഈ കേസിലെ പ്രതി റഹ്മാൻ ലഖ്വിക്ക് ജാമ്യം നൽകിയതിൽ ആശങ്ക പ്രകടിപ്പിച്ചു.

തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേശകരുമായി ന്യൂഡൽഹയിൽ വച്ച് യോഗം സംഘടിപ്പിക്കാൻ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചതായി എസ്.ജയശങ്കർ വ്യക്തമാക്കി. ഡി.ജി, ബി.എസ്.എഫ്, പാകിസ്ഥാൻ റേഞ്ചേഴ്‌സ്, ഡി.ജി.എം.ഒ എന്നിവരുമായി ചർച്ച നടത്താനും തീരുമാനമായി.