മോഡിയുടെ ഭാര്യ യശോധക്ക് സുരക്ഷാ കാര്യങ്ങളുടെ രേഖകൾ നൽകില്ല

വിവരാവകാശ നിയമ പ്രകാരം രേഖകൾ ആവശ്യപ്പെട്ട യശോധ ബെന്നിന് നിരാശ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോധ ബെൻ തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകളാണ് ആവശ്യപ്പെട്ടത്.
 | 
മോഡിയുടെ ഭാര്യ യശോധക്ക് സുരക്ഷാ കാര്യങ്ങളുടെ രേഖകൾ നൽകില്ല

 

അഹമ്മദാബാദ്: വിവരാവകാശ നിയമ പ്രകാരം രേഖകൾ ആവശ്യപ്പെട്ട യശോധ ബെന്നിന് നിരാശ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോധ ബെൻ തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകളാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ഇന്റലിജൻസ് ബ്യൂറോയുമായി ബന്ധപ്പെട്ടതാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നുമാണ് പോലീസ് നൽകിയ മറുപടി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അവർക്ക് കത്തയച്ചിട്ടുണ്ടെന്നും മെഹ്‌സാന എസ്.പി. ജെ.ആർ.മൊതലിയ പറഞ്ഞു.

നവംബർ 24 നാണ് യശോധ മെഹ്‌സാന പോലീസിന് മുൻപാകെ അപേക്ഷ സമർപ്പിച്ചത്. പ്രോട്ടോക്കോൾ പ്രകാരം തനിക്ക് നൽകുന്ന സുരക്ഷ സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവിന്റെ ഒറിജിനൽ കോപ്പിയും മറ്റും ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് നൽകിയത്. ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് നൽകേണ്ട സുരക്ഷയെക്കുറിച്ചും അപേക്ഷയിൽ ചോദിക്കുന്നുണ്ട്. പ്രോട്ടോക്കോൾ എന്നതിന്റെ ശരിയായ അർത്ഥം വിശദീകരിക്കാനും എന്തൊക്കെയാണ് ഇതിന് കീഴിൽ വരുന്നതെന്നും പ്രോട്ടോക്കോൾ പ്രകാരം എന്തൊക്കെ ആനുകൂല്യങ്ങളാണ് തനിക്കുള്ളതെന്നും യശോധ അന്വേഷിക്കുന്നു.

നിലവിൽ നൽകുന്ന സുരക്ഷയിലുള്ള അതൃപ്തിയും അവർ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഭാര്യയായിട്ടു കൂടി യാത്രയ്ക്കായി താൻ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുമ്പോൾ തനിക്ക് സുരക്ഷയൊരുക്കുന്നവർ സർക്കാർ വാഹനങ്ങളിലാണ് അകമ്പടി സേവിക്കുന്നതെന്ന് അവർ പറയുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് മരിച്ചതെന്നും യശോധ ബെൻ പറയുന്നു. അതുകൊണ്ട് ഉദ്യോഗസ്ഥരെ തനിക്ക് വിശ്വാസമില്ല. എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരേയും വിന്യസിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഹാജരാക്കണമെന്നും സർക്കാരിനോട് അവർ ആവശ്യപ്പെടുന്നു.

62 വയസ്സുകാരിയായ യശോധ അധ്യാപികയായിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം സഹോദരനായ അശോക് മോഡിയ്‌ക്കൊപ്പം മൊഹ്‌സന ജില്ലയിലെ ഊഞ്ച എന്ന സ്ഥലത്താണ് താമസം. മെയ് 26 ന് നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം യശോധയ്ക്ക് മെഹ്‌സന പോലീസ് സംരക്ഷണം നൽകി വരികയാണ്. ആയുധധാരികളടക്കം പത്ത് പോലീസുകാരാണ് രണ്ട് ഷിഫ്റ്റുകളിലായി സുരക്ഷയ്ക്കായി നിയമിക്കപ്പെട്ടിട്ടുള്ളത്.