ഉദ്ഘാടനം ചെയ്തത് ഒരു മാസം മുന്‍പ്; വിമാനത്തിന്റെ കാലപ്പഴക്കം മൂലം ഗുജറാത്തിലെ സീപ്ലെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു

ഒരു മാസം മുന്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ സീപ്ലെയിന് സര്വീസ് വിമാനത്തിന്റെ കേടുപാടുകള് മൂലം നിര്ത്തിവെച്ചു.
 | 
ഉദ്ഘാടനം ചെയ്തത് ഒരു മാസം മുന്‍പ്; വിമാനത്തിന്റെ കാലപ്പഴക്കം മൂലം ഗുജറാത്തിലെ സീപ്ലെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു

ഒരു മാസം മുന്‍പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് വിമാനത്തിന്റെ കേടുപാടുകള്‍ മൂലം നിര്‍ത്തിവെച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് പട്ടേല്‍ പ്രതിമ സ്ഥിതിചെയ്യുന്ന കെവാഡിയ വരെയായിരുന്നു സര്‍വീസ്. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. 15 ദിവസത്തേക്ക് വിമാന സര്‍വീസ് ഉണ്ടാവില്ല. നേരത്തേ രണ്ട് തവണ വിമാനം പണിമുടക്കിയിരുന്നു.

സ്‌പൈസ് ജെറ്റ് ആണ് സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നത്. അഹമ്മദാബാദില്‍ എത്തിച്ച വിമാനം 50 വര്‍ഷത്തോളം പഴക്കമുള്ളതാണ്. പഴയതാണെങ്കിലും ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനമാണ് ഇതെന്നായിരുന്നു സ്‌പൈസ് ജെറ്റ് വ്യക്തമാക്കിയിരുന്നത്. മാലിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രക്കിടെ ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ എത്തിയത് വാര്‍ത്തയായിരുന്നു.

വിമാനത്തിന് അനുവദനീയമായ പറക്കല്‍ സമയം അവസാനിച്ചെന്നും ഇനി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് ഡയറക്ടര്‍ അജയ് ചൗഹാന്‍ പറഞ്ഞു. വിമാനം മാലയിലേക്ക് തിരികെ അയച്ചിരിക്കുകയാണ്. മറ്റൊരു വിമാനമായിരിക്കും അഹമ്മദാബാദില്‍ ഇനിയെത്തുകയെന്നും അധികൃതര്‍ പറയുന്നു.