കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആശുപത്രി ജീവനക്കാരന്‍ മരിച്ചു; മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്ന് അധികൃതര്‍

ജനുവരി 16ന് കോവിഡ് വാക്സിന് സ്വീകരിച്ച ആശുപത്രി ജീവനക്കാര് തൊട്ടടുത്ത ദിവസം മരിച്ചു.
 | 
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആശുപത്രി ജീവനക്കാരന്‍ മരിച്ചു; മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്ന് അധികൃതര്‍

മൊറാദാബാദ്: ജനുവരി 16ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആശുപത്രി ജീവനക്കാര്‍ തൊട്ടടുത്ത ദിവസം മരിച്ചു. മൊറാദാബാദില്‍ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനായ മഹിപാല്‍ സിംഗ് (46) ആണ് മരിച്ചത്. നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ മരണത്തിന് കാരണമായത് വാക്‌സിന്‍ അല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഹൃദ്രോഗമാണ് മഹിപാലിന്റെ മരണ കാരണമെന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എം.സി.ഗാര്‍ഗ് വ്യക്തമാക്കി. ജനുവരി 15ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ വാര്‍ഡ് ബോയ് ആയ മഹിപാലിന് കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ് എടുത്തത്. തൊട്ടടുത്ത ദിവസം തനിക്ക് നെഞ്ചു വേദനയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നതായി ഇയാള്‍ അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതേസമയം വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമാണെന്ന് മഹിപാലിന്റെ മകന്‍ ആരോപിച്ചു. ചുമയും പനിയും നേരിയ തോതില്‍ ന്യൂമോണിയ ലക്ഷണങ്ങളും ഉണ്ടായിരിക്കെയാണ് മഹിപാല്‍ വാക്‌സിന്‍ സ്വീകരിച്ചത്. കുത്തിവെയ്പ്പ് എടുത്തതോടെ അസുഖം രൂക്ഷമാവുകയായിരുന്നുവെന്നും മകന്‍ വിശാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.