പത്ത് ദിവസത്തിൽ ലഭിക്കേണ്ട മഴ ഇരുപത്തിനാല് മണിക്കൂറിൽ; മുംബൈ നഗരം നിശ്ചലം

പത്ത് ദിവസം പെയ്യേണ്ടമഴ ഒറ്റ ദിവസം കൊണ്ട് പെയ്തപ്പോൾ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളക്കെട്ടായി മാറി. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് ബിഎംസി തലവൻ അജോയ് മെഹ്ത ആവശ്യപ്പെട്ടു. കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പതിമൂന്നിടങ്ങളിൽ ഗതാഗതം വഴിതിരിച്ച് വിട്ടു. കുർല, ചെമ്പൂർ,തിലക് നഗർ, അന്ധേരി,പരേൽ, ലോവർ പരേൽ,താനെ, നവി മുംബൈ, ഡോംബിവലി തുടങ്ങിയ സ്ഥലങ്ങൾ വെളളക്കെട്ടായി മാറിയിരിക്കുകയാണ്. 120 പമ്പുകൾ ഉപയോഗിച്ച് വെളളം പമ്പ് ചെയ്ത് കളയാനും ശ്രമം നടക്കുന്നു.
 | 
പത്ത് ദിവസത്തിൽ ലഭിക്കേണ്ട മഴ ഇരുപത്തിനാല് മണിക്കൂറിൽ; മുംബൈ നഗരം നിശ്ചലം

 

മുംബൈ: പത്ത് ദിവസം പെയ്യേണ്ടമഴ ഒറ്റ ദിവസം കൊണ്ട് പെയ്തപ്പോൾ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളക്കെട്ടായി മാറി. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് ബിഎംസി തലവൻ അജോയ് മെഹ്ത ആവശ്യപ്പെട്ടു. കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പതിമൂന്നിടങ്ങളിൽ ഗതാഗതം വഴിതിരിച്ച് വിട്ടു. കുർല, ചെമ്പൂർ,തിലക് നഗർ, അന്ധേരി,പരേൽ, ലോവർ പരേൽ,താനെ, നവി മുംബൈ, ഡോംബിവലി തുടങ്ങിയ സ്ഥലങ്ങൾ വെളളക്കെട്ടായി മാറിയിരിക്കുകയാണ്. 120 പമ്പുകൾ ഉപയോഗിച്ച് വെളളം പമ്പ് ചെയ്ത് കളയാനും ശ്രമം നടക്കുന്നു.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ബൃഹത് മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് ആറ് സബ്‌സ്‌റ്റേഷനുകളുടെ പ്രവർത്തനം നിർത്തി വച്ചു. കൊളാബ, കഫേ പരേഡ്, ഗുരു തേജ് ബഹാദൂർ നഗർ, സയണിലെ പഞ്ചാബി കോളനി, ഭേന്തി ബസാർ, ഓപ്പറാഹൗസ് എന്നിവിടങ്ങളിലെ സ്റ്റേഷനുകളാണ് പ്രവർത്തനം നിർത്തിയത്. മഴ തുടരുകയാണെങ്കിൽ സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിക്കാനും കഴിയില്ല. ജീവനക്കാർക്ക് ഓഫീസുകളിൽ എത്തിച്ചേരാൻ കഴിയാത്തും പ്രവർത്തനത്തെ ബാധിക്കുന്നു.

റെയിൽപ്പാളങ്ങൾ വെളളക്കെട്ടുകളായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. വിമാന സർവീസുകളും നിർത്തി വച്ചു. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന ജെറ്റ്, ഇൻഡിഗോ വിമാനങ്ങൾ അഹമ്മദാബാദിലേക്ക് തിരിച്ച് വിട്ടു. ഗോ എയറിന്റെ ഒരു വിമാനം വഡോദരയിലേക്കും തിരിച്ച് വിട്ടിട്ടുണ്ട്. അതേസമയം ദീർഘദൂര തീവണ്ടികൾ ഓടിത്തുടങ്ങിയിട്ടുണ്ട്. വേലിയേറ്റ സാധ്യതയുളളതിനാൽ ലോക്കൽ ട്രെയിനുകൾ സർവീസ് നടത്തില്ല.

അതേസമയം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരം ആദ്യ മഴയിൽ തന്നെ വെളളക്കെട്ടായി മാറിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ധനജ്ഞയ് മുണ്ടെ ആവശ്യപ്പെടുന്നു. ഓവുചാൽ പദ്ധതിയ്ക്കായി കോടികൾ മുടക്കിയിട്ടും വെളളക്കെട്ടുകളുണ്ടാകുന്നത് എന്ത് കൊണ്ടാണെന്ന് വിശദീകരിക്കണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ നഗരത്തിലെ വെളളക്കെട്ടു പരിഹരിക്കാനായി 4000 കോടിയാണ് ചെലവിട്ടത്. ഇത് എവിടെ പോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു.