ചാനല്‍ റേറ്റിംഗ് തട്ടിപ്പില്‍ അര്‍ണാബ് ഗോസ്വാമിയെ ചോദ്യംചെയ്യും; തട്ടിപ്പ് നടത്തിയത് ഇങ്ങനെ

ബാര്ക്ക് റേറ്റിംഗില് കൃത്രിമത്വം നടത്തി പരസ്യ വരുമാനം വര്ദ്ധിപ്പിച്ച സംഭവത്തില് റിപ്പബ്ലിക് ടിവി തലവന് അര്ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യും
 | 
ചാനല്‍ റേറ്റിംഗ് തട്ടിപ്പില്‍ അര്‍ണാബ് ഗോസ്വാമിയെ ചോദ്യംചെയ്യും; തട്ടിപ്പ് നടത്തിയത് ഇങ്ങനെ

മുംബൈ: ബാര്‍ക്ക് റേറ്റിംഗില്‍ കൃത്രിമത്വം നടത്തി പരസ്യ വരുമാനം വര്‍ദ്ധിപ്പിച്ച സംഭവത്തില്‍ റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യും. മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിങ് ആണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മുന്നു ചാനലുകള്‍ക്ക് എതിരെ അന്വേഷണം നടക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തിലാണ് കമ്മീഷണര്‍ അറിയിച്ചത്. ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നിവയാണ് തട്ടിപ്പ് നടത്തിയ മറ്റു ചാനലുകള്‍. അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ടിവിയുടെ പ്രമോട്ടര്‍മാരും ഡയറക്ടര്‍മാരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അര്‍ണാബ് ഗോസ്വാമിക്കും മറ്റുള്ളവര്‍ക്കും ഇന്ന് തന്നെ നോട്ടീസ് നല്‍കും.

റേറ്റിംഗ് തട്ടിപ്പിനായി ചാനലുകള്‍ സ്വീകരിച്ച മാര്‍ഗ്ഗവും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) ആണ് രാജ്യത്തെ ചാനലുകളുടെ റേറ്റിംഗ് നിര്‍ണയിക്കുന്നത്. വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബാരോമീറ്റര്‍ എന്ന് അറിയപ്പെടുന്ന ഉപകരണങ്ങളിലൂടെയാണ് ഏതൊക്കെ ചാനലുകളാണ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുന്നതെന്ന് മനസിലാക്കുന്നത്. മുംബൈയില്‍ 2000 വീടുകളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.

ഹന്‍സ എന്ന ഏജന്‍സിക്കാണ് ഇതിന്റെ മേല്‍നോട്ടം. ഈ വീടുകള്‍ കണ്ടെത്തി തങ്ങളുടെ ചാനലുകള്‍ മാത്രം മുഴുവന്‍ സമയവും ഓണ്‍ ചെയ്ത് വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ആരോപണ വിധേയര്‍. ഇതിനായി വീട്ടുകാര്‍ക്ക് പണവും നല്‍കിയിരുന്നു. വീടുകളില്‍ ആരും ഇല്ലാത്ത സമയത്തു പോലും ടിവി ഓണ്‍ ചെയ്ത് ഈ ചാനലുകള്‍ മാത്രം പ്ലേ ചെയ്യുകയായിരുന്നു. വിദ്യാഭ്യാസമില്ലാത്തവരുടെ വീടുകളില്‍ മുഴുവന്‍ സമയവും ഇംഗ്ലീഷ് ചാനല്‍ പ്രവര്‍ത്തിച്ചത് വിചിത്രമാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളുടെ ഉടമകളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ ഒരാളില്‍ നിന്ന് 20 ലക്ഷം രൂപയും ബാങ്ക് ലോക്കറില്‍ നിന്ന് 8.5 ലക്ഷം രൂപയും കണ്ടെത്തി. റിപ്പബ്ലിക് ടിവി റേറ്റിംഗ് തട്ടിപ്പ് നടത്തുന്നുവെന്ന് സംശയിക്കുന്നതായി ബാര്‍ക് മുംബൈ പോലീസില്‍ നല്‍കിയ വിവരങ്ങളില്‍ പറയുന്നു. ബാരോമീറ്ററുകളില്‍ നിന്നുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മുംബൈയില്‍ ഇങ്ങനെ സംഭവിക്കാമെങ്കില്‍ രാജ്യത്ത് എല്ലായിടത്തും ഇത്തരം തട്ടിപ്പുകള്‍ നടന്നിരിക്കാമെന്നാണ് പോലീസ് പറയുന്നത്.

ചില മുന്‍ ജീവനക്കാര്‍ക്ക് എതിരെ ബാര്‍ക്കിന്റെ നടത്തിപ്പ് ഏജന്‍സിയായ ഹന്‍സ റിസര്‍ച്ചാണ് പോലീസില്‍ പരാതി നല്‍കിയത്. നിലവിലുള്ള ചില ജീവനക്കാരും തട്ടിപ്പില്‍ പങ്കാളികളായിരിക്കാമെന്നാണ് പരാതിയില്‍ പറയുന്നത്. വഞ്ചനാക്കുറ്റം ആരോപിച്ചാണ് പരാതി. ബാര്‍ക് റേറ്റിംഗിനെ അടിസ്ഥാനമാക്കിയാണ് ചാനലുകള്‍ പരസ്യനിരക്ക് നിശ്ചയിക്കുന്നത്. റേറ്റിംഗ് വര്‍ദ്ധിപ്പിക്കാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് അതുകൊണ്ടുതന്നെ വഞ്ചനാക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.