‘ചേസ് ചെയ്താല്‍ കേസെടുക്കും’; മാധ്യമ ‘ഷൂമാക്കര്‍’മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുംബൈ പോലീസ്

നടി റിയ ചക്രബര്ത്തിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങള്ക്ക് മുന്നറിയിപ്പുമായി മംബൈ പോലീസ്.
 | 
‘ചേസ് ചെയ്താല്‍ കേസെടുക്കും’; മാധ്യമ ‘ഷൂമാക്കര്‍’മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുംബൈ പോലീസ്

മുംബൈ: നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മംബൈ പോലീസ്. സെലിബ്രിറ്റികളെയും അവരുമായി ബന്ധമുള്ളവരെയും ഇന്റര്‍വ്യൂ ചെയ്യുന്നതിനായി വാഹനങ്ങളില്‍ ചേസ് ചെയ്യരുതെന്ന് കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. നിങ്ങളുടെ ജീവനും പിന്തുടരപ്പെടുന്നയാളുടെ ജീവനും റോഡിലൂടെ നടക്കുന്ന സാധാരണക്കാരുടെ ജീവനും ഭീഷണിയാകുന്ന വിധത്തില്‍ ചേസിംഗ് പാടില്ലെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പോലീസ് പറഞ്ഞു. ജാമ്യം ലഭിച്ച റിയ ചക്രബര്‍ത്തി ജയിലില്‍ നിന്ന് പുറത്തിറങ്ങാനിരിക്കെയാണ് പോലീസ് ഈ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ പിന്തുടരുന്നത് കുറ്റകൃത്യമാണ്. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കും. കേസെടുക്കുക ഡ്രൈവര്‍ക്കെതിരെ മാത്രമായിരിക്കില്ല, അതിനായി നിര്‍ബന്ധിക്കുകയും നിര്‍ദേശിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും എതിരെ കേസുണ്ടാകുമെന്ന് മുംബൈ പോലീസ് ഡിസിപി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. അറസ്റ്റിലാകുന്നതിന് മുന്‍പ് റിയ ചക്രബര്‍ത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയപ്പോള്‍ ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ അവരെ കയ്യേറ്റം ചെയ്തിരുന്നു.

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസിലേക്ക് എത്തിയ നടി വളരെ ബുദ്ധിമുട്ടിയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് തന്നെ മുന്‍പന്തിയിലുള്ള മഹാരാഷ്ട്രയിലാണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഈ വിധത്തില്‍ പെരുമാറിയത്. ഇത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.