ഹെല്‍മെറ്റില്ലാത്തതിന് പിഴയിട്ട ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിച്ചു; യുവതി പിടിയില്‍; വീഡിയോ

ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാരനെ മര്ദ്ദിച്ച യുവതി പിടിയില്. മുംബൈയിലാണ് സംഭവം.
 | 
ഹെല്‍മെറ്റില്ലാത്തതിന് പിഴയിട്ട ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിച്ചു; യുവതി പിടിയില്‍; വീഡിയോ

മുംബൈ: ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിച്ച യുവതി പിടിയില്‍. മുംബൈയിലാണ് സംഭവം. 29കാരിയായ സാഗരിക തിവാരി എന്ന യുവതിയാണ് പിടിയിലായത്. കല്‍ബാദേവിക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏക്‌നാഥ് പാര്‍ത്തേ എന്ന പോലീസുകാരനെയാണ് ഇവര്‍ മര്‍ദ്ദിച്ചത്. പോലീസുകാരന്‍ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടത്തിനിടയിലിട്ട് ഇവര്‍ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മൊഹ്‌സിന്‍ ഷെയ്ഖ് എന്നയാളുടെയൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സാഗരികയ്ക്ക് ഹെല്‍മെറ്റ് ഇല്ലാത്തതിന്റെ പേരില്‍ ഏക്‌നാഥ് പിഴയിട്ടു. ഇതേത്തുടര്‍ന്ന് ആരംഭിച്ച വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പോലീസുകാരന്റെ യൂണിഫോമില്‍ പിടിച്ച് വലിച്ചുകൊണ്ട് സാഗരിക മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന മറ്റു പോലീസുകാരാണ് പാര്‍ത്തേയെ രക്ഷിച്ചത്. മൊഹ്‌സിന്‍ ഷെയ്ഖ് ആണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. സംഭവത്തില്‍ ഇയാളും പിടിയിലായിട്ടുണ്ട്.