800 വർഷങ്ങൾക്ക് ശേഷം നളന്ദ യൂണിവേഴ്‌സിറ്റി തുറന്നു

800 വർഷങ്ങൾക്ക് ശേഷം നളന്ദ യൂണിവേഴ്സിറ്റി വീണ്ടും തുറന്നു. ബിഹാറിലെ രാജ്ഗിറിലാണ് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ ആകർഷിച്ചിട്ടുള്ള സർവ്വകലാശാലയുടെ പുതിയ കാമ്പസ്. സ്കൂൾ ഓഫ് ഇക്കോളജി, എൻവയോൺമെന്റ് സ്റ്റഡീസ്, സ്കൂൾ ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ രാവിലെ ക്ലാസുകൾ ആരംഭിച്ചു. ഏഴ് വിഷയങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലേയ്ക്കായി വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്.
 | 
800 വർഷങ്ങൾക്ക് ശേഷം നളന്ദ യൂണിവേഴ്‌സിറ്റി തുറന്നു

പാറ്റ്‌ന: 800 വർഷങ്ങൾക്ക് ശേഷം നളന്ദ യൂണിവേഴ്‌സിറ്റി വീണ്ടും തുറന്നു. ബിഹാറിലെ രാജ്ഗിറിലാണ് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ ആകർഷിച്ചിട്ടുള്ള സർവ്വകലാശാലയുടെ പുതിയ കാമ്പസ്. സ്‌കൂൾ ഓഫ് ഇക്കോളജി, എൻവയോൺമെന്റ് സ്റ്റഡീസ്, സ്‌കൂൾ ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ രാവിലെ ക്ലാസുകൾ ആരംഭിച്ചു. ഏഴ് വിഷയങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലേയ്ക്കായി വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. നിലവിൽ 15 വിദ്യാർത്ഥികളും 11 അധ്യാപകരുമാണ് കലാലയത്തിലുള്ളതെന്ന് നളന്ദ സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ.ഗോപാ സബർവാൾ പറഞ്ഞു. ജപ്പാനിൽ നിന്നും ഭൂട്ടാനിൽ നിന്നും ഓരോ വിദ്യാർത്ഥികളും സർവകലാശാലയുടെ ഭാഗമായിട്ടുണ്ട്.

2006 ൽ ബിഹാർ നിയമസഭയെ അഭിസംബോധ ചെയ്തപ്പോൾ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്. ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറും സർവ്വകലാശാല തുറക്കുന്നതിനെ പിന്തുണച്ചിരുന്നു. പാർലമെന്റ് പാസാക്കിയ നളന്ദ യൂണിവേഴ്‌സിറ്റി നിയമം ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കുകയായിരുന്നു. പ്രമുഖ സാമ്പത്തിക ശാസ്ത്രഞ്ജനായ അമർത്യ സെന്നാണ് സർവ്വകലാശാലാ ചെയർമാൻ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ അധ്യാപകരും ഭരണ നിർവ്വഹണ സമിതിയിൽ അംഗങ്ങളാകും.

എ.ഡി. ആറാം നൂറ്റാണ്ടിൽ സ്ഥാപിതമായ സർവ്വകലാശാല 455 ഏക്കറിലായിരുന്നു സഥിതി ചെയ്തിരുന്നത്. പിന്നീട് എ.ഡി. 1193ൽ ഭക്ത്യാർ ഖിൽജിയുടെ നേതൃത്വത്തിൽ തുർക്കി സേന നളന്ദ ആക്രമിക്കുകയും ലൈബ്രറി ഉൾപ്പെടെ അഗ്നിക്കിരയാക്കുകയും ചെയ്തു. അങ്ങനെ ലോകപ്രസിദ്ധമായ നളന്ദ സർവ്വകലാശാലയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു.

2,700 കോടി രൂപയാണ് കേന്ദ്രം നളന്ദയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഇതു കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും സംഭാവനകൾ ലഭ്യമാകുന്നുണ്ട്. സെപ്റ്റംബർ 14 ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സർവ്വകലാശാല സന്ദർശിക്കുമെന്നാണറിയുന്നത്.