മഹാരാഷ്ട്രയിൽ ഇനി സഖ്യങ്ങളില്ല; ശക്തമായ ചതുഷ്‌കോണ മത്സരത്തിന് അരങ്ങൊരുങ്ങുന്നു

മഹാരാഷ്ട്രയിൽ 25 വർഷമായി തുടരുന്ന ശിവസേന ബി.ജെ.പി. സഖ്യവും 15 വർഷമായി തുടരുന്ന എൻ.സി.പി കോൺഗ്രസ് സഖ്യം വേർപിരിഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കമാണ് ഇരു സഖ്യങ്ങളുടെയും വേർപിരിയലിന് കാരണം. ഇതോടെ മഹാരാഷ്ട്രയിൽ ശക്തമായ ചതുഷ്കോണമത്സരത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്.
 | 

മഹാരാഷ്ട്രയിൽ ഇനി സഖ്യങ്ങളില്ല; ശക്തമായ ചതുഷ്‌കോണ മത്സരത്തിന് അരങ്ങൊരുങ്ങുന്നു

മുംബൈ: മഹാരാഷ്ട്രയിൽ 25 വർഷമായി തുടരുന്ന ശിവസേന ബി.ജെ.പി. സഖ്യവും 15 വർഷമായി തുടരുന്ന എൻ.സി.പി കോൺഗ്രസ് സഖ്യം വേർപിരിഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കമാണ് ഇരു സഖ്യങ്ങളുടെയും വേർപിരിയലിന് കാരണം. ഇതോടെ മഹാരാഷ്ട്രയിൽ ശക്തമായ ചതുഷ്‌കോണമത്സരത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്.

150 സീറ്റിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനമാണ് ബി.ജെ.പിയുമായുള്ള സഖ്യം പിരിയുന്ന സാഹചര്യമുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചെന്ന് കോർകമ്മിറ്റി യോഗത്തിന് ശേഷം ബി.ജെ.പി നേതാക്കൾ അറിയിച്ചു. ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെങ്കിലും ശിവസേനയുടെ നിലപാട് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും നേതാക്കൾ പറഞ്ഞു. 25 വർഷത്തെ ബന്ധം പിരിയുന്നതിൽ നിരാശയുണ്ടെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. 130 സീറ്റുവേണമെന്ന നിലപാടിൽ ബി.ജെ.പിയും ഉറച്ച് നിന്നതോടെയാണ് സഖ്യം വേർപിരിയാൻ തീരുമാനിച്ചത്. ശിവസേന കൈവശം വച്ചുവരുന്നതും ഇതേവരെ ജയിച്ചിട്ടില്ലാത്തതുമായ 59 സീറ്റുകൾ വിട്ടുതരണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിഭജന ചർച്ചകൾക്ക് വേണ്ടി ഇന്ന് മുംബൈയിലെത്താനിരുന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ യാത്ര റദ്ദാക്കിയിരുന്നു.

സീറ്റു വിഭജനത്തെക്കുറിച്ചുളള തർക്കമാണ് 15 വർഷം നീണ്ടുനിന്ന എൻ.സി.പി കോൺഗ്രസ് സഖ്യം പിരിയുന്നതിലേക്കും വഴിവച്ചത്. 144 സീറ്റ് വേണമെന്ന എൻ.സി.പിയുടെ ആവശ്യം കോൺഗ്രസ് അംഗീകരിക്കാൻ തയ്യാറായില്ല. 144 സീറ്റെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന നേതൃത്വം അറിയിച്ചു. കോൺഗ്രസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ ആരോപിച്ചു. ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചെന്ന് എൻ.സി.പി നേതാക്കൾ അറിയിച്ചു. കോൺഗ്രസ് അവർ മത്സരിക്കുന്ന സീറ്റുകൾ സഖ്യകക്ഷികളോട് ആലോചിക്കാതെ തീരുമാനിക്കുകയായിരുന്നുവെന്ന് എൻ.സി.പി നേതാവ് സുനിൽ താട്കറെ ആരോപിച്ചു. സഖ്യം തകരാൻ കാരണം മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ കുറ്റപ്പെടുത്തി.