വീഡിയോ സ്ട്രീമിംഗ് വിപണി പിടിച്ചെടുക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്; താരിഫ് വെട്ടിച്ചുരുക്കും

മാര്ക്കറ്റിലെ തങ്ങളുടെ എതിരാളികളായ ആമസോണ് പ്രൈമിനെ മറികടക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന.
 | 
വീഡിയോ സ്ട്രീമിംഗ് വിപണി പിടിച്ചെടുക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്; താരിഫ് വെട്ടിച്ചുരുക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വീഡിയോ സ്ട്രീമിംഗ് വിപണി പിടിച്ചെടുക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാസം 250 രൂപ നിരക്കിലേക്ക് താരിഫ് വെട്ടിച്ചുരുക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് ഒരുങ്ങുന്നത്. മാര്‍ക്കറ്റിലെ തങ്ങളുടെ എതിരാളികളായ ആമസോണ്‍ പ്രൈമിനെ മറികടക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. നിലവില്‍ ബേസിക് പ്ലാനിന് 500 രൂപയും സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന് 650 രൂപയും പ്രീമിയം പ്ലാനിന് 800 രൂപയുമാണ് നെറ്റ്ഫ്‌ളിക്‌സിന്റെ താരിഫ്. ഇതില്‍ ബേസിക്, സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ രണ്ട് യൂസര്‍മാര്‍ക്കും പ്രീമിയം പ്ലാനന്‍ നാല് യൂസര്‍മാര്‍ക്കും ഉപയോഗിക്കാം.

അതേസമയം ആമസോണ്‍ എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇതാണ് പ്രധാനമായും ആമസോണ്‍ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിലെ വര്‍ദ്ധനവിന് കാരണം. കൂടാതെ ഹോട്ട്സ്റ്റാറും ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാണ്. അന്താരാഷ്ട്ര സിനിമകള്‍ നെറ്റ്ഫ്‌ളിക്‌സില്‍ റീലീസ് ചെയ്യുമ്പോള്‍ ആമസോണ്‍, ഹോട്ട്‌സ്റ്റാര്‍ എന്നിവര്‍ പ്രാദേശിക ഭാഷകളിലും കായിക മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സീ-5, സോണി ലൈവ്, യൂട്യൂബിന്റെ പ്രൈം മെമ്പര്‍ഷിപ്പ് പ്ലാന്‍ എന്നിവയും ഇന്ത്യന്‍ വിപണിയില്‍ ശക്തമാകുന്നതോടെ ആമസോണിന്റെയും നെറ്റ്ഫ്‌ളിക്‌സിന്റെയും കുത്തക തകരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ താരിഫ് പദ്ധതി ജൂലൈ അവസാനമോ അല്ലെങ്കില്‍ സെപ്റ്റബംര്‍ ആദ്യവാരമോ നിലവില്‍ വരുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് അധികൃതര്‍ നല്‍കുന്ന സൂചന.