തീവ്രവാദിയല്ല; ലിയാഖത് ഷാ കുറ്റവിമുക്തൻ

തീവ്രവാദിയെന്ന് ആരോപിച്ച് രണ്ട് വർഷം മുമ്പ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ലിയാഖത് ഷാ നിരപരാധിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി. നിരോധിത സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ അംഗമാണെന്ന് വരുത്തിത്തീർക്കാൻ ഒളിവിൽ കഴിയുന്ന സാബിർ ഖാൻ എന്നയാളാണ് ആയുധങ്ങളുടെ ഇടപാടുമായി ലിയാഖത്തിന്റെ പേര് ബന്ധപ്പെടുത്തിയതെന്നും എൻഐഎ കണ്ടെത്തി.
 | 

തീവ്രവാദിയല്ല; ലിയാഖത് ഷാ കുറ്റവിമുക്തൻ
ന്യൂഡൽഹി: തീവ്രവാദിയെന്ന് ആരോപിച്ച് രണ്ട് വർഷം മുമ്പ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ലിയാഖത് ഷാ നിരപരാധിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി. നിരോധിത സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ അംഗമാണെന്ന് വരുത്തിത്തീർക്കാൻ ഒളിവിൽ കഴിയുന്ന സാബിർ ഖാൻ എന്നയാളാണ് ആയുധങ്ങളുടെ ഇടപാടുമായി ലിയാഖത്തിന്റെ പേര് ബന്ധപ്പെടുത്തിയതെന്നും എൻഐഎ കണ്ടെത്തി.

ലിയാഖത് ഷാക്കെതിരെയുള്ള ആരോപണങ്ങൾ ഒഴിവാക്കിയ എൻഐഎ, ഇയാളെ കുടുക്കാൻ ഗൂഢാലോചന നടത്തിയ രണ്ട് ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിട്ടുണ്ട്. പാക് അധീന കാശ്മീരിൽ നിന്ന് നേപ്പാൾ വഴി കാശ്മീർ താഴ്‌വരയിലേക്ക് വരികയായിരുന്ന ഷായെ 2013 മാർച്ച് 20നാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ഭാര്യക്കും മക്കൾക്കുമൊപ്പം സൗനാലി അതിർത്തിയിൽ വച്ചാണ് ഷായെ അറസ്റ്റ് ചെയ്തത്. തുടർന്ന് നിരോധിത ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദിയാണെന്നും ഡൽഹിയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് വരികയാണെന്നും പോലീസ് അവകാശപ്പെടുകയായിരുന്നു.

എന്നാൽ സംഭവത്തിനെതിരെ അന്ന് തന്നെ ജമ്മു കാശ്മീർ പോലീസ് രംഗത്ത് വന്നിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ പാക് അധീന കാശ്മീരിലേക്ക് പോയവർക്ക് തിരിച്ചുവരാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അതനുസരിച്ചാണ് ഷാ വരുന്നതെന്നും കാശ്മീർ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.